തിരുവനന്തപുരം : ലഹരി വിരുദ്ധ പ്രവർത്തനമായ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ മിന്നൽ പരിശോധന. വ്യാഴാഴ്ച രാത്രിയിൽ ആരംഭിച്ച പരിശോധന വെള്ളിയാഴ്ച രാവിലെ വരെ തുടർന്നു.
തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിൽ, തൃശ്ശൂരിലെ വിയ്യൂർ സെൻട്രൽ ജയിൽ, മലപ്പുറത്തെ തവനൂർ സെൻട്രൽ ജയിൽ, കണ്ണൂർ സെൻട്രൽ ജയിൽ എന്നിവിടങ്ങളിൽ പരിശോധന നടത്തി.പരിശോധനയിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് കഞ്ചാവ് പിടികൂടിയതായി അധികൃതർ അറിയിച്ചു . ജയിലിനുള്ളിൽ ലഹരി മരുന്ന് എങ്ങനെയെത്തി എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. പിടിച്ചെടുത്ത കഞ്ചാവുമായി ബന്ധപ്പെട്ട തടവുകാരെയും, മറ്റ് സംശയാസ്പദരെയും വിശദമായി ചോദ്യം ചെയ്യും. ഉദ്യോഗസ്ഥരുടെ സഹായമോ പുറത്ത് നിന്നിട്ടുള്ള ശൃംഖലയോ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും .
മറ്റ് സെൻട്രൻ ജയിലുകളിലെ പരിശോധനയുടെ പൂർണ്ണവിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും, വരും ദിവസങ്ങളിലും സംസ്ഥാനത്തെ കൂടുതൽ ജയിലുകളിൽ സമാനപരിശോധനകൾ നടത്താൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

