ഡബ്ലിൻ: യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ രോഗികളുടെ തിരക്ക് വർധിക്കുന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചതോടെ ആശുപത്രി രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. തിരക്കിന്റെ പശ്ചാത്തലത്തിൽ രോഗികൾ മറ്റ് ആശുപത്രികൾ സന്ദർശിക്കണമെന്ന് യുഎച്ച്എൽ അധികൃതർ അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പ്രതീക്ഷിച്ചതിലും വലിയ തിരക്കാണ് അത്യാഹിത വിഭാഗത്തിൽ അനുഭവപ്പെട്ടത്. ഇതേ തുടർന്ന് ആരോഗ്യപ്രവർത്തകർ വലിയ സമ്മർദ്ദം നേരിടുന്നുണ്ട്. ഈ വർഷം ഇതുവരെ 55,400 ലധികം രോഗികൾക്കാണ് അത്യാഹിത വിഭാഗത്തിൽ ചികിത്സ നൽകിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മാത്രം 992 രോഗികൾ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി. നിലവിലെ സാഹചര്യത്തിൽ അടിയന്തിരമല്ലാത്ത പരിക്കുകളും രോഗങ്ങളുമായി ചികിത്സ തേടുന്നവർക്ക് പരിചരണം ലഭിക്കാൻ വൈകിയേക്കാം. അതിനാൽ മറ്റ് സേവനങ്ങൾ തേടേണ്ടതാണെന്ന് ആശുപത്രി അറിയിച്ചു.

