ന്യൂഡൽഹി : യുഎപിഎ കേസിൽ പ്രതിയായ ഉമർ ഖാലിദ് വീണ്ടും ജാമ്യം തേടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ ഹൈക്കോടതി ഡൽഹി പോലീസിന് നോട്ടീസ് അയച്ചു.
ജസ്റ്റിസ് പ്രതിഭ എം. സിംഗ്, ജസ്റ്റിസ് വികാസ് മഹാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഡൽഹി പോലീസിനോട് രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഓഗസ്റ്റ് 27-ന് ലിസ്റ്റ് ചെയ്തിരിക്കുന്ന സഹപ്രതിയായ ഷർജീൽ ഇമാം സമർപ്പിച്ച സമാനമായ അപ്പീലിനൊപ്പം ഈ വിഷയം ഇനി പരിഗണിക്കും. വിചാരണ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ ചോദ്യം ചെയ്താണ് ഉമർ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത് . ജസ്റ്റിസുമാരായ പ്രതിഭ എം. സിംഗ്, വികാസ് മഹാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ജൂലൈ 4 ന്, ഉമർ ഖാലിദിന്റെയും സഹപ്രതി ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷകൾ വിചാരണ കോടതി തള്ളിക്കളഞ്ഞിരുന്നു. യുഎപിഎ കേസുകളിൽ നീണ്ടുനിൽക്കുന്ന വിചാരണയുടെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കുന്നത് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതായതിനാൽ ഈ നിയമപരമായ തർക്കത്തിൽ അന്തിമ തീരുമാനത്തിലെത്തുന്നതുവരെ കോടതിക്ക് ജാമ്യം അനുവദിക്കാൻ കഴിയില്ലെന്നും വിചാരണക്കോടതി പറഞ്ഞിരുന്നു.
ജനുവരി 5 ന് ഇതേ കേസിൽ ഗുൽഫിഷ ഫാത്തിമ, മീര ഹൈദർ, ഷിഫാ-ഉർ-റഹ്മാൻ, മുഹമ്മദ് സലിം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു . എന്നാൽ , ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷകൾ നിരസിക്കപ്പെട്ടു. സംരക്ഷിത സാക്ഷികളുടെ മൊഴികൾ പൂർത്തിയാക്കിയ ശേഷമോ അല്ലെങ്കിൽ ഒരു വർഷത്തിനു ശേഷമോ, ഏതാണ് ആദ്യം വരുന്നത്, ആ സമയം ഷർജീൽ ഇമാമിന് വീണ്ടും ജാമ്യം തേടാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു .ദീർഘകാലമായി വിചാരണ പുരോഗമിക്കുമ്പോൾ യു.എ.പി.എ കേസുകളിൽ ജാമ്യം അനുവദിക്കുന്നതിനുള്ള നിയമപരമായ അടിസ്ഥാനം വ്യക്തമാക്കുന്നതിനായി മെയ് മാസത്തിൽ സുപ്രീം കോടതി വിഷയം ഒരു വലിയ ബെഞ്ചിന് വിട്ടിരുന്നു. ഇനി അത് അടിസ്ഥാനമായിട്ടാരിക്കും വിധി വരിക.
2020-ൽ പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരായ പ്രതിഷേധത്തിനിടെ ഗൂഢാലോചന നടത്തിയെന്നാണ് ഉമർ ഖാലിദിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇത് ഡൽഹി കലാപത്തിലേക്ക് നയിച്ചു. കലാപത്തിൽ 15 ഹിന്ദുക്കൾ ഉൾപ്പെടെ അമ്പത്തിമൂന്ന് പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.സർക്കാരിനെ അസ്ഥിരപ്പെടുത്താനും സാമ്പത്തിക നാശനഷ്ടങ്ങൾ വരുത്താനും ലക്ഷ്യമിട്ടുള്ള പാൻ-ഇന്ത്യൻ ഗൂഢാലോചനയാണിതെന്ന് പോലീസ് പറഞ്ഞിരുന്നു. താഹിർ ഹുസൈൻ, ഖാലിദ് സൈഫി, ഇസ്രത്ത് ജഹാൻ, മീരാൻ ഹൈദർ, ഗൾഫിഷ ഫാത്തിമ, ഷിഫാ-ഉർ-റഹ്മാൻ, ആസിഫ് ഇഖ്ബാൽ തൻഹ, ഷർജീൽ ഇമാം, നതാഷ നർവാൾ, സഫൂറ സർഗാർ എന്നിവരും ഈ കേസിൽ പ്രതികളാണ്.

