ടെൽ അവീവ്: ഇസ്രയേലിലിലെ ടെൽ അവീവ് അടക്കമുള്ള ജനവാസ കേന്ദ്രങ്ങൾക്കും ആശുപത്രിക്കും നേരെ ഇറാന്റെ കനത്ത ആക്രമണം. തെക്കൻ നഗരമായ ബീർഷെബയിലെ സൊറോക്ക ആശുപത്രിക്ക് നേരെയാണ് ഇറാൻ്റെ മിസൈൽ ആക്രമണമുണ്ടായത്. ആശുപത്രിക്ക് വലിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി സൊറോക്ക അശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ഇസ്രായേൽ എമർജൻസി സർവീസ് ഉദ്യോഗസ്ഥ മേഗൻ ഡേവിഡ് ആദം പറഞ്ഞു.
ചികിത്സയ്ക്കായി സൊറോക്ക ആശുപത്രിയിലേക്ക് വരരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. മിസൈൽ പതിച്ച് കെട്ടിടത്തിന്റെ വലിയൊരു ഭാഗം തകർന്നിട്ടുണ്ട്. ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തെ ക്രിമിനൽ ആക്ടിവിറ്റി എന്നാണ് ഇസ്രായേൽ വിദേശകാര്യ സഹമന്ത്രി ഷാറൻ ഹസ്കേൽ വിശേഷിപ്പിച്ചത്. സൈനിക കേന്ദ്രത്തിലേക്ക് ആയിരുന്നില്ല ആക്രമണം, ആശുപത്രിയിലേക്കായിരുന്നു. ലോകം ഇതിനെതിരെ ശബ്ദമുയർത്തണമെന്നും ഹസ്കേൽ പറഞ്ഞു
‘രണ്ട് ദിവസത്തിനിടെയുള്ള ഏറ്റവും വലിയ ഇറാനിയൻ മിസൈൽ ആക്രമണം ഞങ്ങൾക്ക് നേരിടേണ്ടി വന്നു. ഡസൻ കണക്കിന് മിസൈലുകളാണ് പതിച്ചത്. ‘- ഇസ്രയേലി സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ആശുപത്രിയിൽ നിന്ന് വലിയരീതിയിൽ പുകപടലങ്ങൾ ഉയരുന്നതിന്റെയും ജനാലകൾ തകർക്കുന്നതിന്റെയും ആളുകൾ നിലവിളിക്കുന്നതിന്റെയുമൊക്കെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.