ടെൽ അവീവ്: ഹിസ്ബുള്ള കമാൻഡർ ജാഫർ ഖാദർ ഫൗറിനെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. ദക്ഷിണ ലെബനോനിൽ വെച്ചാണ് ജാഫറിനെ വധിച്ചതെന്ന് ഇസ്രയേൽ പ്രതിരോധ സേന പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയേലിൽ നടന്ന വിവിധങ്ങളായ റോക്കറ്റ് ആക്രമണങ്ങളിൽ 12 കുട്ടികൾ ഉൾപ്പെടെ നിരവധി പേരെ കൊലപ്പെടുത്തിയയാളാണ് ജാഫർ എന്നും ഇസ്രയേൽ വ്യക്തമാക്കി. ഒക്ടോബർ 8 മുതൽ കിഴക്കൻ ലെബനനിൽ നിന്നും ഇസ്രയേലിലേക്ക് നടന്ന റോക്കറ്റ് ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്നു ജാഫർ.
ലെബനീസ് സമുദ്രാതിർത്തിയിൽ ഇസ്രയേൽ നാവിക സേന നടത്തിയ മറ്റൊരു സുപ്രധാന നീക്കത്തിൽ ഹിസ്ബുള്ള നേതാവ് ഇമാദ് അംഹാസും പിടിയിലായി. ഹിസ്ബുള്ള ഭീകരർക്ക് ബൗദ്ധിക പരിശീലനം നൽകുന്ന സുപ്രധാന നേതാവാണ് അംഹാസെന്നും ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി.
നിലവിൽ അംഹാസിനെ ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജൻസ് വിഭാഗം ചോദ്യം ചെയ്ത് വരികയാണ്. ഹിസ്ബുള്ളയുടെ നാവിക നീക്കങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇയാളുടെ പക്കലുണ്ടെന്നാണ് ഇസ്രയേൽ കരുതുന്നത്.