ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാനെതിരെ നിരവധി ശക്തമായ നടപടികൾ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. ജലം, കയറ്റുമതി, ഇറക്കുമതി എന്നിവയിൽ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് നരേന്ദ്ര മോദി സർക്കാർ നീക്കങ്ങൾ ശക്തമാക്കി . ഇതിനു പിന്നാലെ, ഇപ്പോൾ പാകിസ്ഥാനൊപ്പം നിന്ന തുർക്കിക്കെതിരെയും മോദി സർക്കാർ കർശന നടപടികൾ സ്വീകരിക്കുകയാണ് . ഇതിന്റെ ആദ്യഘട്ടമായി സെലിബി എയർപോർട്ട് സർവീസസിന്റെ സുരക്ഷാ അനുമതി റദ്ദാക്കുകയും ചെയ്തു.
സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ സുരക്ഷ മുൻ നിർത്തിയാണ് തീരുമാനമെന്ന് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഉത്തരവിൽ പറയുന്നു.
തുർക്കി ആസ്ഥാനമായുള്ള കമ്പനിയായ സെലെബി, 2022 മുതൽ ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലുകൾ 1, 2 എന്നിവയിൽ ബ്രിഡ്ജ്-മൗണ്ടഡ് ഉപകരണ ഇൻസ്റ്റാളേഷനും അറ്റകുറ്റപ്പണികളും നൽകിവരുന്നു. ബെംഗളൂരുവിൽ മാത്രമല്ല, ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ വിമാനത്താവളങ്ങളിലും സെലെബി സേവനം നൽകുന്നു. എന്നാൽ പാകിസ്ഥാനൊപ്പം നിന്നതോടെ ഈ സേവനങ്ങൾക്കൊക്കെ അന്ത്യമാകുകയാണ്.

