വാഷിംഗ്ടൺ : താരിഫുകൾ തനിക്ക് വളരെ ഇഷ്ടമാണെന്നും ഇംഗ്ലീഷ് നിഘണ്ടുവിലെ തന്റെ പ്രിയപ്പെട്ട പദമാണിതെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. അരിസോണയിലെ മറൈൻ കോർപ്സ് ബേസ് ക്വാണ്ടിക്കോയിൽ യുഎസ് ഉന്നത സൈനിക ജനറൽമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രമ്പ്.
‘ ഇപ്പോൾ നമ്മൾ വളരെയധികം സമ്പന്നരാകുകയാണ്. നമ്മൾ കോടിക്കണക്കിന് ഡോളർ സമ്പാദിച്ചു. നമ്മൾ അത് ഇല്ലാതാക്കിയാൽ, നമുക്ക് ഒരിക്കലും ഇത്രയധികം സമ്പത്ത് ഉണ്ടാകില്ല. മറ്റ് രാജ്യങ്ങൾ വർഷങ്ങളായി നമ്മളെ മുതലെടുക്കുന്നു. ഇപ്പോൾ നമ്മൾ അവരുമായി ന്യായമായ ബിസിനസ്സ് നടത്തുകയാണ് ‘ ട്രംപ് പറഞ്ഞു.
യുഎസ് സുപ്രീം കോടതി താരിഫുകൾക്കെതിരെ വിധി പറയില്ലെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ താരിഫ് ചുമത്താൻ ആവശ്യമായ അധികാരങ്ങൾ ട്രംപിന് ഇല്ലെന്ന് കീഴ്ക്കോടതി വിധിച്ചതിനെ തുടർന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
അടുത്തിടെ, ട്രംപ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായും സൈനിക മേധാവി അസിം മുനീറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് ബ്രാൻഡഡ് മരുന്നുകൾ, അപ്ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾ, ഹെവി ട്രക്കുകൾ എന്നിവയ്ക്ക് 25 മുതൽ 100 ശതമാനം വരെ തീരുവ ഏർപ്പെടുത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടത് . വിദേശ നിർമ്മിതമായ എല്ലാ സിനിമകൾക്കും 100 ശതമാനം താരിഫും അദ്ദേഹം പ്രഖ്യാപിച്ചു.
“താരിഫുകൾ കാരണം നമ്മൾ അവിശ്വസനീയമാംവിധം സമ്പന്നരായി മാറുകയാണ്. ഇപ്പോൾ നമുക്ക് ലഭിക്കുന്ന പണം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലുതാണ്. അടുത്തിടെ, നമുക്ക് 31 ബില്യൺ ഡോളർ ലഭിച്ചു, അത് ധാരാളം യുദ്ധക്കപ്പലുകൾ വാങ്ങാൻ സഹായിക്കും,” എന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്.ബ്രസീലിനൊപ്പം, അമേരിക്ക ഏറ്റവും കൂടുതൽ താരിഫ് ചുമത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (50%). ഇതിൽ പകുതിയും റഷ്യൻ എണ്ണ വാങ്ങിയതിനുള്ള പിഴ മൂലമാണെന്നാണ് ട്രംപ് പറയുന്നത്.

