ടെഹ്റാൻ: ഇസ്രായേലുമായുള്ള സംഘർഷം തുടരുന്നതിനിടെ ഇറാനിൽ ഭൂകമ്പം . വെള്ളിയാഴ്ച രാത്രി 9 മണിയോടെ ഉണ്ടായ ഭൂകമ്പം 5.1 തീവ്രത രേഖപ്പെടുത്തി. വടക്കൻ ഇറാനിലെ സെംനൽ മേഖലയിലാണ് ഭൂകമ്പം ഉണ്ടായത്. ആളപായമൊന്നും ഉണ്ടായില്ല. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റർ താഴ്ചയിലായിരുന്നു.അതേസമയം, ഇറാൻ ആണവ പരീക്ഷണങ്ങൾ ആരംഭിച്ചതായും ഭൂകമ്പം ഇതിന്റെ ഫലമാണെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്
എന്നാൽ, യുഎസ് ജിയോളജിക്കൽ സർവേ അത്തരം ഊഹാപോഹങ്ങൾ നിരാകരിച്ചു. ഭൂകമ്പത്തിൽ ഇതുവരെ ചെറിയ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് റിപ്പോർട്ട്. ഇറാനിയൻ ദേശീയ വാർത്താ ഏജൻസിയായ IRNA ആണ് ഇത് റിപ്പോർട്ട് ചെയ്തത്.
അറേബ്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന ആൽപൈൻ-ഹിമാലയൻ ഭൂകമ്പ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഇറാൻ, ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ്. ഇറാനിൽ സാധാരണയായി ഒരു വർഷം 2,100 ഭൂകമ്പങ്ങൾ വരെ അനുഭവപ്പെടാറുണ്ട്, അതിൽ 15 മുതൽ 16 വരെ 5.0 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ളവയാണ്. 2006 നും 2015 നും ഇടയിൽ രാജ്യത്ത് 96,000 ഭൂകമ്പങ്ങൾ രേഖപ്പെടുത്തി.

