വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ നാൽപ്പത്തിയേഴാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് പ്രസിഡന്റ് പദവിയിലേക്കുള്ള ട്രമ്പിന്റെ രണ്ടാം വരവ്. ട്രമ്പിനോടൊപ്പം അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റായി ജെ ഡി വാൻസും അധികാരമേറ്റു.
അമേരിക്കയുടെ കഷ്ടകാലം അവസാനിച്ച സുദിനം എന്നാണ് താൻ അധികാരമേറ്റ ജനുവരി 20നെ ട്രമ്പ് വിശേഷിപ്പിച്ചത്. അതേസമയം, അഴിമതിയും കഴിവുകേടും നിറഞ്ഞ കാലഘട്ടം എന്നാണ് ബൈഡന്റെ ഭരണകാലത്തെ ട്രമ്പ് വിമർശിച്ചത്.
അമേരിക്കൻ ജനതയ്ക്ക് തങ്ങളുടെ ജനാധിപത്യവും വിശ്വാസവും സമ്പത്തും സ്വാതന്ത്ര്യവും മടക്കി നൽകുക എന്നതാണ് തന്റെ കർത്തവ്യം. അമേരിക്കയെ താൻ വീണ്ടും ഒന്നാമത് എത്തിക്കും. അമേരിക്കയുടെ പരമാധികാരം തിരിച്ച് പിടിക്കുമെന്നും ട്രമ്പ് പറഞ്ഞു.
അമേരിക്കൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് അദ്ധ്യക്ഷനായ ചടങ്ങിലായിരുന്നു ട്രമ്പിന്റെ സത്യപ്രതിജ്ഞ. നിരവധി ലോക നേതാക്കളും പൗരപ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.