ന്യൂഡൽഹി : രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഡിസംബർ 4 ന് ഇന്ത്യയിലെത്തും. ഡൽഹിയിൽ നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പുടിൻ എത്തുന്നത്.
റഷ്യയിലെ രണ്ടാമത്തെ വലിയ ബാങ്കായ വിടിബിയുടെ ഒരു സമ്മേളനത്തിൽ സംസാരിക്കവേ, ഇന്ത്യയുമായുള്ള വ്യാപാരവും ഇറക്കുമതിയും വിശദമായി ചർച്ച ചെയ്യുന്നതിനായി താനും പ്രധാനമന്ത്രി മോദിയും ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് പുടിൻ പ്രഖ്യാപിച്ചു. സ്വന്തം താൽപ്പര്യങ്ങൾ മാത്രം കണക്കിലെടുക്കുന്ന “സ്വതന്ത്ര സാമ്പത്തിക നയം” റഷ്യ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
‘ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയുമായും ചൈനയുമായും റഷ്യയുടെ വ്യാപാരം ഗണ്യമായി വളർന്നിട്ടുണ്ട്. യൂറോപ്പ് യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ ഇപ്പോൾ അതിനും തയ്യാറാണ്. യൂറോപ്യൻ രാജ്യങ്ങൾക്ക് ഇപ്പോൾ സമാധാനത്തിനുള്ള പദ്ധതികളൊന്നുമില്ല പകരം യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് . ചില രാജ്യങ്ങൾ തങ്ങളുടെ കുത്തക ആധിപത്യം ഉപയോഗിച്ച് മറ്റുള്ളവരെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നതിനാൽ, ലോകം ഇന്ന് വലിയ കുഴപ്പങ്ങളിലൂടെ കടന്നുപോകുകയാണെന്നും ‘ പുടിൻ പറഞ്ഞു.
ഏകദേശം നാല് വർഷത്തിന് ശേഷമാണ് പുടിൻ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നത് . 2021 നാണ് അദ്ദേഹം അവസാനമായി ഇന്ത്യ സന്ദർശിച്ചത് .ഇത്തവണത്തെ S-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ , SU -57 യുദ്ധവിമാനം എന്നിവയും ചർച്ചാവിഷയങ്ങളാകും.
അതേസമയം പുടിന്റെ സന്ദർശനത്തിന് മുന്നോടിയായി, ഇരു രാജ്യങ്ങളും തമ്മിലുള്ള “ഗെയിം-ചേഞ്ചർ” എന്ന് വിളിക്കപ്പെടുന്ന ഒരു കരാറിന് റഷ്യൻ പാർലമെന്റ് അംഗീകാരം നൽകാൻ ഒരുങ്ങുകയാണ്. റെലോസ് അഥവാ റെസിപ്രോക്കൽ എക്സ്ചേഞ്ച് ഓഫ് ലോജിസ്റ്റിക്സ് കരാർ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്ധനം, അറ്റകുറ്റപ്പണികൾ, അല്ലെങ്കിൽ താവളങ്ങളുടെ ഉപയോഗം എന്നിങ്ങനെ ആവശ്യമുള്ളപ്പോൾ ഇന്ത്യയുടെയും റഷ്യയുടെയും സൈന്യങ്ങൾക്ക് പരസ്പരം സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്ന് ഈ കരാർ വ്യവസ്ഥ ചെയ്യുന്നു.

