ന്യൂഡൽഹി : ബംഗ്ലാദേശിൽ ജനാധിപത്യ പ്രക്രിയകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും സ്വാതന്ത്ര്യം കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ . മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ നിരോധനത്തോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ . നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ തിരഞ്ഞെടുപ്പുകൾ നടത്തേണ്ടതിന്റെ ആവശ്യകതയും ഇന്ത്യ ചൂണ്ടിക്കാട്ടി.
അവാമി ലീഗിനെ നടപടിക്രമങ്ങളില്ലാതെ നിരോധിച്ചത് ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ, ജനാധിപത്യ സ്വാതന്ത്ര്യങ്ങളുടെ അഭാവങ്ങളെ കുറിച്ച് ഇന്ത്യ സ്വാഭാവികമായും ആശങ്കാകുലരാണ്. ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പുകൾ നടക്കണം ,അതിനെ ഞങ്ങൾ ശക്തമായി പിന്തുണയ്ക്കുന്നു.- ജയ്സ്വാൾ പറഞ്ഞു
ഭീകര വിരുദ്ധ നിയമപ്രകാരമാണ് ബംഗ്ലാദേശ് അവാമി ലീഗ് നിരോധിച്ചത്.രാജ്യത്തിന്റെ സുരക്ഷയും അധികാരവും സംരക്ഷിക്കാനാണ് ഈ നടപടിയെന്ന് മുഹമ്മദ് യൂനിസ് പറയുന്നു.ബംഗ്ലാദേശിലെ അന്താരാഷ്ര കുറ്റകൃത്യ ട്രൈബ്യൂണലിൽ വിചാരണ പൂർത്തിയാകുന്നതു വരെയാകും നിരോധനത്തിന്റെ കാലാവധി.

