ലോകമെമ്പാടും ഇന്ന് ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലാണ് . ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ക്രിസ്മസ് സന്തോഷത്തിന്റെയും വെളിച്ചത്തിന്റെയും ഒരുമയുടെയും ഉത്സവമായി ആഘോഷിക്കപ്പെടുമ്പോൾ, ചില രാജ്യങ്ങളിൽ പരസ്യമായി ക്രിസ്മസ് ആഘോഷിക്കുന്നത് തടവിലാകാൻ പോലും കാരണമാകും.
ക്രിസ്മസ് ആഘോഷിക്കുന്നതിനെതിരെ കർശനമായ ചില നിയമങ്ങൾ ഉള്ള രാജ്യമാണ് ബ്രൂണെ . ക്രിസ്മസ് ട്രീകൾ, അലങ്കാരങ്ങൾ, ക്രിസ്മസ് വസ്ത്രങ്ങൾ എന്നിവയുടെ പൊതു പ്രദർശനവും ഇവിടെ നിരോധിച്ചിരിക്കുന്നു. നിയമം ലംഘിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവോ കനത്ത പിഴയോ ലഭിക്കാം.
ക്രിസ്മസും മറ്റ് മതപരമായ പ്രവർത്തനങ്ങളും കർശനമായി നിരോധിച്ചിരിക്കുന്ന മറ്റൊരു രാജ്യമാണ് വടക്കൻ കൊറിയ . ക്രിസ്തുമതവുമായി ബന്ധപ്പെട്ട ഏതൊരു ആഘോഷവും പ്രാർത്ഥനയും ഒത്തുചേരലും അറസ്റ്റ്, നിർബന്ധിത തൊഴിൽ, തടവ് എന്നിവയ്ക്ക് കാരണമാകും. കൂടാതെ, മതചിഹ്നങ്ങൾ കൈവശം വയ്ക്കുന്നത് പോലും ഗുരുതരമായ കുറ്റകൃത്യമായാണ് ഇവിടെ കണക്കാക്കപ്പെടുന്നത്.
സുരക്ഷാ കാരണങ്ങളും മതപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടി 2015-ൽ സൊമാലിയ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ നിരോധിച്ചു. അത്തരം ആഘോഷങ്ങൾ ഇസ്ലാമിക സംസ്കാരത്തിന് എതിരാണെന്ന് സോമാലിയ ഭരണകൂടം പറയുന്നു . പൊതു ആഘോഷങ്ങൾ സംഘടിപ്പിക്കുന്നവർക്ക് തടവ് ശിക്ഷ വരെ ലഭിക്കാം.
സൗദി അറേബ്യ സമീപ വർഷങ്ങളിൽ സാമൂഹിക നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും, പൊതു ക്രിസ്മസ് ആഘോഷങ്ങൾ ഇപ്പോഴും നിയമപരമായി അനുവദനീയമല്ല. ക്രിസ്മസ് ട്രീ അലങ്കരിക്കൽ, വെടിക്കെട്ട്, ഭക്ഷണ വിതരണം , ക്രിസ്മസ് കരോൾ പോലുള്ള പൊതു ക്രിസ്മസ് പാരമ്പര്യങ്ങൾ കസാക്കിസ്ഥാനും നിരോധിച്ചിട്ടുണ്ട് . ഈ ആചാരങ്ങൾ ദേശീയ സംസ്കാരത്തിന് വിരുദ്ധമാണെന്നാണ് കസാക്കിസ്ഥാൻ പറയുന്നത്.ലിബിയ, ഭൂട്ടാൻ എന്നിവിടങ്ങളിലും ഔദ്യോഗിക ക്രിസ്മസ് അവധിയില്ല, പൊതു ആഘോഷങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട് .

