ന്യൂഡൽഹി : ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ വർധിക്കുന്നതിനിടെ യൂനുസ് ഭരണകൂടത്തെ വിമർശിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന . “നിലവിലെ ഭരണവർഗം” നിയമവിരുദ്ധമായ രീതിയിൽ അധികാരം പിടിച്ചെടുത്തുവെന്നും ഇപ്പോൾ ന്യൂനപക്ഷങ്ങളെ “പറഞ്ഞറിയിക്കാനാവാത്ത പീഡനത്തിന്” വിധേയരാക്കുന്നുവെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
ക്രിസ്മസ് ദിനത്തിൽ, ഹസീന തന്റെ പ്രസംഗം ആരംഭിച്ചത് പൗരന്മാർക്ക് ആശംസകൾ നേർന്നുകൊണ്ടാണ്. മുൻകാലങ്ങളിൽ ബംഗ്ലാദേശ് എല്ലായ്പ്പോഴും “സാമുദായിക ഐക്യത്തിന്റെ തിളങ്ങുന്ന ഉദാഹരണമായിരുന്നു” എന്ന് ഹസീന പറഞ്ഞു. ‘ രാഷ്ട്രപിതാവ് ഒരു സാമുദായികമല്ലാത്ത ബംഗ്ലാദേശ് സ്വപ്നം കണ്ടു. ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ബംഗ്ലാദേശ് അവാമി ലീഗ് എല്ലാ മതങ്ങളിലെയും ആളുകളുടെയും സുഗമമായ ജീവിതം ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ, നിയമവിരുദ്ധമായി അധികാരം പിടിച്ചെടുത്ത നിലവിലെ ഭരണവർഗം എല്ലാ മതങ്ങളിലെയും സമുദായങ്ങളിലെയും ആളുകൾക്ക് സ്വന്തം മതം ആചരിക്കാനുള്ള സ്വാതന്ത്ര്യത്തിൽ ഇടപെടുന്നുവെന്ന് പറയുന്നതിൽ സങ്കടമുണ്ട്.
നിലവിലെ ഭരണകൂടത്തിന് കീഴിൽ മുസ്ലീങ്ങളല്ലാത്തവർ “പറഞ്ഞറിയിക്കാനാവാത്ത പീഡനത്തിന് വിധേയരാകുന്നു. മതന്യൂനപക്ഷങ്ങളെ ചുട്ടുകൊല്ലുന്നത് പോലുള്ള അതിക്രമങ്ങളുടെ ഉദാഹരണങ്ങളും ഇത് സൃഷ്ടിച്ചിട്ടുണ്ട് . ബംഗ്ലാദേശിലെ ജനങ്ങൾ ഈ ദുഷ്കരമായ സമയം തുടരാൻ അനുവദിക്കില്ല. “ എന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
അതേസമയം ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു . സാമ്രാട്ട് എന്ന അമൃത് മണ്ഡൽ ആണ് കൊല്ലപ്പെട്ടത് . കൊള്ളയടിക്കാരൻ എന്ന് ആരോപിച്ചാണ് ജനക്കൂട്ടം അയാളെ കൊലപ്പെടുത്തിയതെന്നാണ് സൂചന.

