ബ്രിട്ടനിലെ സൗത്ത്എൻഡ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ചെറിയ യാത്രാ വിമാനം തകർന്നുവീണു . ബീച്ച്ക്രാഫ്റ്റ് ബി200 എന്ന വിമാനമാണ് തകർന്നുവീണത് . പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, നെതർലൻഡ്സിലെ ലെലിസ്റ്റാഡിലേക്ക് പോകുകയായിരുന്ന വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തീപിടിച്ച് റൺവേയ്ക്ക് സമീപം തകർന്നുവീഴുകയായിരുന്നു.
വിമാനം പെട്ടെന്ന് ഒരു തീഗോളമായി മാറിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത് . സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രങ്ങളിൽ, വിമാനത്തിൽ നിന്ന് പുകയും തീയും ഉയരുന്നത് കാണാം. പറന്നുയർന്ന് കുറച്ച് മിനിറ്റുകൾക്ക് ശേഷം വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചുവെന്നും, അതിനാൽ നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയ്ക്ക് സമീപം വലിയ ശബ്ദത്തോടെ തകർന്നുവീണുവെന്നും അപകടസമയത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന ആളുകൾ പറഞ്ഞു.
അപകടം റിപ്പോർട്ട് ചെയ്തയുടൻ, എസെക്സ് പോലീസ്, അഗ്നിശമന സേന, ആംബുലൻസ് സർവീസ് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. വിമാനത്തിൽ എത്ര പേരുണ്ടായിരുന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

