ബെംഗളൂരു : 34 കാരനായ ഐ ടി എഞ്ചിനീയർ അതുൽ സുഭാഷിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയും ബന്ധുക്കളും അറസ്റ്റിൽ. അതുലിന്റെ ഭാര്യ നികിത സിംഘാനി , നികിതയുടെ അമ്മ വിഷ, സഹോദരൻ അനുരാഗ് എന്നിവരെ ഗുരുഗ്രാമിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 9 നാണ് സുഭാഷിനെ ബംഗളൂരുവിലെ അപ്പാർട്ട്മെൻ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താനുമായി പിരിഞ്ഞ് താമസിക്കുന്ന ഭാര്യയും അവരുടെ കുടുംബവും തന്നെ പീഡിപ്പിക്കുന്നുവെന്ന് അതുൽ എഴുതിയ കുറിപ്പും കണ്ടെടുത്തിരുന്നു . ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നികിതയയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നതിനിടെയാണ് അതുൽ ജീവനൊടുക്കിയത് . സുഭാഷിനെതിരായ കേസ് പിൻവലിക്കാൻ മൂന്ന് കോടി രൂപയും മകനെ കാണാൻ സന്ദർശകാവകാശമായി 30 ലക്ഷം രൂപയും ഭാര്യയും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നു.
പോലീസ് അന്വേഷണം ഊർജിതമാക്കിയതിനാൽ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നികിതയും കുടുംബാംഗങ്ങളും അലഹബാദ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.അതിനിടെയാണ് അറസ്റ്റ്.