ധാക്ക: ബംഗ്ലാദേശ് വിമോചനപ്പോരാത്തിന്റെ മുന്നണിപ്പോരാളിയായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ ചിത്രം കറൻസി നോട്ടുകളിൽ നിന്ന് മായ്ക്കുന്നു . മുജീബുർ റഹ്മാന്റെ മകൾ ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് നീക്കി ഒരു മാസത്തിനുള്ളിലാണ് പുതിയ തീരുമാനം. ഹസീനയുടെ പുറത്താക്കലിലേയ്ക്ക് നയിച്ച ജൂലായ് വിപ്ലവത്തിന്റെ ചിത്രം ഉൾപ്പെടെ നോട്ടിൽ ഇടം പിടിക്കും. ഇതനുസരിച്ച് 20, 100, 500, 1000 എന്നിവയുടെ ബാങ്ക് നോട്ടുകൾ അച്ചടിക്കുകയാണെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.
അച്ചടി ഏറെക്കുറെ പൂർത്തിയായിട്ടുണ്ടെന്നും അടുത്ത ആറ് മാസത്തിനുള്ളിൽ തന്നെ ഇവ ജനങ്ങളിലേക്ക് എത്തിക്കുമെന്നും ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടറായ ഹുസ്നേര ശിഖ അറിയിച്ചു. ആദ്യ ഘട്ടത്തിൽ നാല് നോട്ടുകളുടെ രൂപരേഖയ്ക്ക് മാത്രമാണ് മാറ്റം വരുത്തുന്നത്. ഘട്ടംഘട്ടമായി ബാക്കിയുള്ള എല്ലാ നോട്ടുകളിലും മാറ്റം കൊണ്ടുവരും .
മുഹമ്മദ് യൂനുസിന്റെ ഓഫീസിൽ നിന്നും ഷെയ്ഖ് മുജീബുർ റഹ്മാന്റെ ചിത്രം എടുത്തുകളഞ്ഞതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് പുതിയ നോട്ടുകളിൽ നിന്നും മുജീബുർ റഹ്മാന്റെ ചിത്രം ഒഴിവാക്കുന്നത്.