ധാക്ക : ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്സണും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു . പതിറ്റാണ്ടുകളായി രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ പ്രധാന സാന്നിധ്യമായിരുന്നു ഖാലിദ സിയ . ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ പ്രധാന എതിരാളിയായിരുന്നു ഖാലിദ.
ബംഗ്ലാദേശ് ഇടക്കാല സർക്കാർ നേതാവ് മുഹമ്മദ് യൂനുസ് ഖാലിദ സിയയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. “അവരുടെ മരണത്തിൽ ഞാൻ അഗാധമായ ദു:ഖം അനുഭവിക്കുന്നു . അവരുടെ കുടുംബത്തിനും ബംഗ്ലാദേശിലെ എല്ലാ ജനങ്ങൾക്കും ഞങ്ങളുടെ ആത്മാർത്ഥ അനുശോചനം. ഈ ദാരുണമായ നഷ്ടം താങ്ങാനുള്ള ശക്തി സർവ്വശക്തൻ അവരുടെ കുടുംബത്തിന് നൽകട്ടെ. “ എന്ന് യൂനുസ് പറഞ്ഞു.
ഖലീദ മാസങ്ങളായി ധാക്കയിലെ എവർകെയർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഹൃദ്രോഗം, കരൾ, വൃക്ക പ്രശ്നങ്ങൾ, പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, സന്ധിവാതം, നേത്ര സംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി അവർ വർഷങ്ങളായി പോരാടുകയായിരുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് പേസ്മേക്കറും ഘടിപ്പിച്ചിരുന്നു.
2026 ന്റെ തുടക്കത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുമെന്ന് കഴിഞ്ഞ മാസം ഖാലിദ പ്രഖ്യാപിച്ചിരുന്നു. രാജ്യം നിർണായകമായ തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുമ്പോൾ, 17 വർഷത്തെ സ്വയം പ്രഖ്യാപിത പ്രവാസം അവസാനിപ്പിച്ച് മകൻ താരിഖ് റഹ്മാൻ ലണ്ടനിൽ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അവരുടെ മരണം.

