വാഷിംഗ്ടൺ : ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ സമാധാനപരമായി പ്രതിഷേധം നടത്തിയ ഹിന്ദുക്കൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടതിനെ വിമർശിച്ച് അമേരിക്ക . സമാധാനപരമായി നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമർത്താനുള്ള ബംഗ്ലാദേശിന്റെ ശ്രമങ്ങൾ അംഗീകരിക്കാനാകുന്നതല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു .
ഇത് സംഘർഷങ്ങൾ വർദ്ധിപ്പിക്കും. ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും മാത്യു മില്ലർ പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശങ്ങളെ യുഎസ് എല്ലാക്കാലവും പിന്തുണയ്ക്കുമെന്നും, എന്നാൽ അക്രമാസക്തമായ അടിച്ചമർത്താൻ ശ്രമിച്ചാൽ അതിനെ ശക്തമായ എതിർക്കുമെന്നും മാത്യു മില്ലർ പറഞ്ഞു.
സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു , അതിൽ ഒരു സർക്കാരും ഇടപെടരുത്. ഞങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളോട് പറയുന്ന രീതിയിൽ ബംഗ്ലാദേശിനോടും നയം വ്യക്തമാക്കിയിട്ടുണ്ട്.- മാത്യു മില്ലർ പറഞ്ഞു.
ഇസ്കോണിനെ വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധിച്ചവരാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിനെതിരെ ഇന്ത്യയും രംഗത്ത് വന്നിരുന്നു. ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടതിന് പുറമെ സ്വത്തുവകകൾ കൊള്ളയടിക്കുകയും വ്യാപാരസ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തതായി വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞിരുന്നു.