ധാക്ക : ‘ഗ്രേറ്റർ ബംഗ്ലാദേശ്’ മാപ്പിന് പിന്നിലെ ഇന്ത്യാ വിരുദ്ധ നേതാവ് ഷെരീഫ് ഉസ്മാൻ ഹാദി കൊല്ലപ്പെട്ടതിനു പിന്നാലെ രാജ്യമെമ്പാടും അക്രമാസക്തമായ പ്രതിഷേധങ്ങൾ . മാധ്യമ സ്ഥാപനങ്ങൾ കത്തിച്ചു, ഇന്ത്യൻ ഹൈക്കമ്മീഷനും ഷെയ്ഖ് മുജിബുർ റഹ്മാന്റെ വീടും ആക്രമിക്കപ്പെട്ടു.
ബംഗ്ലാദേശിലെ ഖുൽനയിൽ വെച്ചാണ് പത്രപ്രവർത്തകനായ ഇംദാദുൽ ഹഖ് മിലോൺ വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു. മിലോൺ ഷാലുവ പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റായിരുന്നു.
ചിറ്റഗോങ്ങിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷന് പുറത്ത് ഉണ്ടായ അക്രമത്തിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ചിറ്റഗോങ്ങിലെ ഖുൽഷി പ്രദേശത്തുള്ള ഇന്ത്യൻ എംബസി ഓഫീസിന് പുറത്ത് പ്രതിഷേധക്കാർ തടിച്ചുകൂടി ഇഷ്ടികകൾ എറിയുകയും ഓഫീസ് പരിസരം നശിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു
ധാക്ക ഓൺ എഡ്ജ് കഴിഞ്ഞ വർഷത്തെ ജൂലൈയിലെ പ്രക്ഷോഭത്തിന്റെ മുൻനിര നേതാവായിരുന്നു ഹാദി. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ച വിദ്യാർത്ഥി പ്രതിഷേധമായിരുന്നു അത്.
ആറ് ദിവസമായി സിംഗപ്പൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷെരീഫ് ഉസ്മാൻ ഹാദി . ഇൻക്വിലാബ് മഞ്ച പ്ലാറ്റ്ഫോമിന്റെ വക്താവും പൊതുതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായിരുന്നു ഹാദി . കഴിഞ്ഞയാഴ്ച ധാക്കയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിനിടെയാണ് മുഖംമൂടി ധരിച്ച അക്രമികൾ ഹാദിയുടെ തലയ്ക്ക് നേരെ വെടിയുതിർത്തത്.
ധാക്കയിലെ ഡോക്ടർമാർ ഹാദിയുടെ നില “അങ്ങേയറ്റം ഗുരുതരം” എന്ന് വിശേഷിപ്പിച്ചതിനെത്തുടർന്ന് മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ ഈ ആഴ്ച ആദ്യം ഹാദിയെ എയർ ആംബുലൻസിൽ സിംഗപ്പൂരിലേക്ക് അയച്ചിരുന്നു.

