കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതിയായ ടി.കെ. രജീഷിന് വീണ്ടും പരോൾ . 20 ദിവസത്തെ പരോളാണ് രജീഷിന് ലഭിച്ചത്. ജനുവരി 10 ന് രജീഷ് ജയിലിലേക്ക് മടങ്ങണം. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രജീഷിന് പരോൾ ലഭിക്കുന്നത്.
കണ്ണൂരും കോഴിക്കോടും പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 1 മുതൽ 30 ദിവസത്തേക്ക് രജീഷിന് പരോൾ ആദ്യം അനുവദിച്ചിരുന്നു . ഒന്നര മാസമായി കണ്ണൂർ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ശേഷം ഡിസംബർ 7 ന് ജയിലിലേക്ക് മടങ്ങി. കൊടി സുനി ഉൾപ്പെടെയുള്ള ടി.പി വധക്കേസിലെ പ്രതികൾക്ക് ആവശ്യാനുസരണം പരോൾ അനുവദിക്കാൻ ജയിൽ ഡി.ഐ.ജി വിനോദ് കുമാർ കൈക്കൂലി വാങ്ങിയതായി തെളിവുകൾ പുറത്തുവന്നിരുന്നു . അതിനു പിന്നാലെയാണ് മൂന്ന് മാസത്തിനുള്ളിൽ രണ്ടുതവണ രജീഷിന് പരോൾ ലഭിച്ചതായി റിപ്പോർട്ടുകൾ വന്നത് .
പരോളിന് വേണ്ടിയും ജയിലിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി തടവുകാരുടെ ബന്ധുക്കളിൽ നിന്ന് ഡി.ഐ.ജി വിനോദ് കുമാർ ലക്ഷങ്ങൾ കൈപ്പറ്റുന്നുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ടി.പി വധക്കേസ് പ്രതി കൊടി സുനിക്ക് ഏഴ് മാസത്തിനുള്ളിൽ 60 ദിവസത്തെ പരോൾ ലഭിച്ചു. ജയിൽ വകുപ്പ് 2024 ഡിസംബർ മുതൽ ജൂലൈ വരെ സുനിക്ക് മൂന്ന് പരോൾ അനുവദിച്ചിരുന്നു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക ഇളവ് നൽകേണ്ട തടവുകാരുടെ പട്ടികയിൽ ടി.പി വധക്കേസ് പ്രതികളെ ഉൾപ്പെടുത്തിയത് വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.

