കൊല്ലം: ശബരിമല സ്വർണ്ണ മോഷണം സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കും. സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇ.ഡി.ക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. കേസിൽ സമാന്തര അന്വേഷണം നടത്തുന്നതിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) എതിർത്തിരുന്നു. എന്നാൽ കോടതി ഇത് നിരസിച്ച് ഇഡിയ്ക്ക് അനുകൂലമായി ഉത്തരവിട്ടു. കേസിൽ അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ടുകളും എഫ്.ഐ.ആറിന്റെ പകർപ്പുകളും ഇ.ഡി.ക്ക് കൈമാറാൻ എസ്.ഐ.ടിയോട് നിർദ്ദേശിച്ചു
ശബരിമല സ്വർണ്ണ മോഷണം പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിൽ ഇ.ഡി പോലീസിനെ സമീപിച്ചിരുന്നു, എന്നാൽ സാഹചര്യം അനുകൂലമായിരുന്നില്ല. ഇതിനെത്തുടർന്ന് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ ഹൈക്കോടതിയിൽ ഇതിനെ എതിർത്തിരുന്നു. എസ്.ഐ.ടി അന്വേഷണം നല്ല രീതിയിലാണ് നടത്തുന്നതെന്നും ഫെമ ലംഘനം കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഇ.ഡി.യോട് വിചാരണ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല വിധി ഉണ്ടായത് . സ്വർണ്ണ മോഷണത്തിൽ അന്താരാഷ്ട്ര പങ്കാളിത്തമുണ്ടെന്ന് ഇ.ഡി. പറയുന്നുണ്ട്. കള്ളപ്പണ ഇടപാടുകളുടെ സാധ്യത അന്വേഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഇ.ഡി. വ്യക്തമാക്കി. ഇ.ഡി.യുടെ കൊച്ചി സോണൽ ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം അന്വേഷണം നടത്തും.

