റഷ്യയെ പിടിച്ചു കുലുക്കി ഭൂചലനം . കാംചത്ക ഉപദ്വീപിൽ ബുധനാഴ്ച പുലർച്ചെയാണ് 8.8 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത് . പിന്നാലെ ജപ്പാനിലും നാല് മീറ്റർ വരെ സുനാമി തിരമാലകൾ അടിച്ചു . വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത് .
സമീപ വർഷങ്ങളിലെ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിൽ ഒന്നാണ് റഷ്യയിൽ ഉണ്ടായത് . നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി . കിഴക്കൻ റഷ്യയുടെ നിരവധി ഭാഗങ്ങളെ ഭൂകമ്പം പിടിച്ചുകുലുക്കി. “ഇന്നത്തെ ഭൂകമ്പം ഗുരുതരവും പതിറ്റാണ്ടുകളുടെ ഭൂകമ്പങ്ങളിൽ ഏറ്റവും ശക്തവുമായിരുന്നു,” കംചത്ക ഗവർണർ വ്ളാഡിമിർ സോളോഡോവ് പറഞ്ഞു.
കുറിൽ ദ്വീപുകളിലെ സെവേറോ-കുറിൽസ്കിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചു. ജലനിരപ്പ് 4 മീറ്റർ വരെ ഉയർന്നു. ഹോക്കൈഡോയിലെ നെമുറോയിൽ 30 സെന്റീമീറ്റർ തിരമാലകൾ ഉണ്ടായതായി ജപ്പാന്റെ കാലാവസ്ഥാ ഏജൻസി റിപ്പോർട്ട് ചെയ്തു.
അലാസ്ക, ഹവായ്, ചിലി, ന്യൂസിലാൻഡ്, സോളമൻ ദ്വീപുകൾ, ഇക്വഡോർ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . അവിടെ 3 മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 180,000 നിവാസികൾ താമസിക്കുന്ന പെട്രോപാവ്ലോവ്സ്ക്-കാംചത്സ്കിയിൽ നിന്ന് 119 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്.
2011 മാർച്ച് 11 ന്, ജപ്പാനിലെ ഹോൺഷു ദ്വീപിന്റെ വടക്കുകിഴക്കൻ തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഇത് സുനാമിയ്ക്കും കാരണമായിരുന്നു.

