ഇസ്ലാമാബാദ് : താലിബാൻ ആക്രമണത്തിൽ പതിനഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു. കാബൂൾ ഉൾപ്പെടെ അഫ്ഗാൻ പ്രദേശത്ത് പാക് സൈന്യം നടത്തിയ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായി അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ താലിബാൻ സൈന്യം നടത്തിയ ആക്രമണത്തിലാണ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടത്.
ബഹ്റാംപൂർ ജില്ലയിലെ ഡ്യൂറണ്ട് ലൈനിന് സമീപം ഇന്നലെ രാത്രി അഫ്ഗാൻ സൈന്യം നടത്തിയ തിരിച്ചടിയിൽ 15 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി ഹെൽമണ്ട് പ്രവിശ്യാ സർക്കാരിന്റെ വക്താവ് മൗലവി മുഹമ്മദ് ഖാസിം റിയാസ് സ്ഥിരീകരിച്ചു . ഈ ഓപ്പറേഷനിൽ അഫ്ഗാൻ സൈന്യം മൂന്ന് പാകിസ്ഥാൻ സൈനിക ഔട്ട്പോസ്റ്റുകൾ പിടിച്ചെടുക്കുകയും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തുകയും ചെയ്തു.
കാബൂൾ, പക്തിക പ്രവിശ്യകളിൽ പാകിസ്ഥാൻ അടുത്തിടെ നടത്തിയ വ്യോമാക്രമണങ്ങൾക്ക് ശേഷം, ഹെൽമണ്ട്, കാണ്ഡഹാർ, സാബുൾ, പക്തിക, പക്തിയ, ഖോസ്റ്റ്, നൻഗർഹാർ, കുനാർ എന്നീ പ്രവിശ്യകളിലെ പാകിസ്ഥാൻ പോസ്റ്റുകൾ ലക്ഷ്യമാക്കി അഫ്ഗാൻ സൈന്യം തിരിച്ചടി ആരംഭിച്ചിട്ടുണ്ട്. ഈ പ്രവിശ്യകളെല്ലാം പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച അഫ്ഗാനിസ്ഥാനിൽ മൂന്ന് സ്ഫോടനങ്ങളാണ് ഉണ്ടായത്. കാബൂളിൽ രണ്ട്, തെക്കുകിഴക്കൻ പക്തികയിൽ ഒന്ന്. താലിബാൻ നിയന്ത്രണത്തിലുള്ള പ്രതിരോധ മന്ത്രാലയം ഇതിന് പാകിസ്ഥാനെ കുറ്റപ്പെടുത്തുകയും തങ്ങളുടെ പരമാധികാരം ലംഘിക്കാൻ പാകിസ്ഥാൻ ശ്രമിക്കരുതെന്ന് താക്കീത് നൽകുകയും ചെയ്തു.
“കാബൂളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണങ്ങൾക്ക് പ്രതികാരമായി, അതിർത്തിയിൽ വിവിധ പ്രദേശങ്ങളിൽ താലിബാൻ സേന പാകിസ്ഥാൻ സുരക്ഷാ സേനയ്ക്കെതിരെ കനത്ത ഏറ്റുമുട്ടലിൽ ഏർപ്പെട്ടിട്ടുണ്ട്” എന്ന് അഫ്ഗാൻ സൈന്യം പുറത്തിയ പ്രസ്താവനയിൽ പറഞ്ഞു. വിജയകരമായ ഏറ്റുമുട്ടൽ അർദ്ധരാത്രിയോടെ അവസാനിച്ചുവെന്നും , എതിർകക്ഷി വീണ്ടും അഫ്ഗാനിസ്ഥാന്റെ പ്രദേശം ലംഘിച്ചാൽ, ഞങ്ങളുടെ സായുധ സേന അവരുടെ പ്രദേശം സംരക്ഷിക്കാൻ തയ്യാറാണ്, ശക്തമായി പ്രതികരിക്കുമെന്നും പ്രതിരോധ മന്ത്രാലയ വക്താവ് എനായത് ഖോവാറസം പറഞ്ഞു.
വ്യാഴാഴ്ചത്തെ പാകിസ്ഥാനിൽ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ആരാണെന്ന് ഇതുവരെ പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അഫ്ഗാനിൽ പാകിസ്ഥാൻ താലിബാന് അഭയം നൽകുന്നത് നിർത്താൻ അഫ്ഗാൻ സർക്കാരിനോട് പാകിസ്ഥാൻ ആവശ്യപ്പെട്ടിട്ടുണ്ട് .
പാകിസ്ഥാൻ താലിബാൻ എന്നും അറിയപ്പെടുന്ന തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ അഫ്ഗാൻ താലിബാന്റെ ഒരു പ്രത്യയശാസ്ത്ര സഖ്യകക്ഷിയാണ്. 2021 മുതൽ തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ നൂറുകണക്കിന് പാക് സൈനികരെ കൊന്നിട്ടുണ്ടെന്നാണ് പാകിസ്ഥാന്റെ ആരോപണം. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പർവതപ്രദേശങ്ങളിൽ പാകിസ്ഥാൻ സുരക്ഷാ സേനയ്ക്കെതിരായ അക്രമം ടിടിപി തീവ്രവാദികൾ സമീപ മാസങ്ങളിൽ ശക്തമാക്കിയിട്ടുണ്ട്.

