പൂക്കളങ്ങളുടെയും ഓണസദ്യയുടെയും പുതുവസ്ത്രങ്ങളുടെയും ആഘോഷവുമായി മറ്റൊരു തിരുവോണം കൂടി മലയാളിയുടെ തിരുമുറ്റത്ത് എത്തി നിൽക്കുന്നു. കേവലം ഒരു ആഘോഷത്തിനപ്പുറം മലയാളിയുടെ സാമൂഹികബോധത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണം.
എല്ലാവർക്കും തുല്യനീതി ലഭിച്ചിരുന്ന, സമൃദ്ധിയും സമാധാനവും നിലനിന്നിരുന്ന ഒരു കാലഘട്ടത്തിന്റെ പ്രതീകമായാണ് മലയാളി മാവേലിയെ വരവേൽക്കുന്നത്. എങ്ങനെയായിരിക്കണം ഒരു ഭരണാധികാരി എന്ന ചോദ്യത്തിന് ലോകമെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനത്തോടെ പറയാനുള്ള സങ്കൽപ്പമാണ് മഹാബലി.
വർത്തമാനകാല കേരളീയ സമൂഹത്തിൽ ഓണത്തിന്റെ പ്രസക്തി ആഘോഷത്തിന്റെ ആഡംബരത്തിലല്ല, അതിന്റെ സന്ദേശത്തിലാകണം എന്നതാണ് വസ്തുത. ഓണം ഇന്ന് വലിയൊരു വിപണി ഉത്സവം കൂടിയാണ്. ഓണക്കാലത്തെ വ്യാപാരവും വിനോദസഞ്ചാരവും ഉപഭോഗവും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഉണർവ് നൽകുന്നു. ആയിരക്കണക്കിന് വ്യാപാരികൾക്കും ചെറുകിട സംരംഭകർക്കും തൊഴിലാളികൾക്കും ഓണം അതിജീവനത്തിന്റെ കാലം കൂടിയാണ്.
മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും അതിരുകൾക്കപ്പുറം മലയാളിയുടെ പൊതുസാംസ്കാരിക ഇടത്തെ അടയാളപ്പെടുത്തുന്ന ആഘോഷം കൂടിയാണ് ഓണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മലയാളികൾ പോലും ഓണത്തിലൂടെ സ്വന്തം നാടിനെയും ഭാഷയെയും സംസ്കാരത്തെയും നെഞ്ചോട് ചേർക്കുന്നു. പ്രവാസി മലയാളിക്ക് ഓണം പലപ്പോഴും ഒരു ഉത്സവത്തേക്കാൾ ഉപരി സ്വന്തം മണ്ണിലേക്കുള്ള വൈകാരിക മടക്കയാത്ര കൂടിയാണ്.
അതേസമയം ഓണത്തെ വിഭാഗീയതയുടെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് അതിന്റെ അടിസ്ഥാന സ്വഭാവത്തോട് കാട്ടുന്ന നീതികേടാണ്. ഓണത്തിന്റെ ചരിത്രത്തെക്കുറിച്ചും ഐതിഹ്യത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായേക്കാമെങ്കിലും വിവിധ വിഭാഗങ്ങൾക്കിടയിലെ ഐക്യം ഊട്ടിയുറപ്പിക്കാൻ ഈ കാലം ഉപയോഗിക്കണം. മാവേലിയുടെ കാലത്തെ സമത്വസങ്കൽപ്പം ഇന്നും ഒരു സാമൂഹിക ലക്ഷ്യമായി നിലനിൽക്കുന്നു. ജാതിവിവേചനവും മതവെറിയും സാമ്പത്തിക അസമത്വവും വിശപ്പും അഴിമതിയും അനീതിയും നിർമാർജ്ജനം ചെയ്താൽ മാത്രമേ ആ പോയകാല മാവേലിനാട് നമുക്ക് വീണ്ടെടുക്കാൻ സാധിക്കൂ.
ഓണക്കാലം ഓരോ വർഷവും മലയാളിക്ക് ആത്മപരിശോധനയുടെ അവസരം കൂടിയാണ്. നമ്മുടെ ഭവനങ്ങളിൽ പൂക്കളങ്ങളും സദ്യയുമൊരുക്കി ആഘോഷിക്കുമ്പോൾ, കഷ്ടപ്പെടുന്നവന്റെ കണ്ണീരൊപ്പാനും അവന് കൈത്താങ്ങാകാനും ആ മുഖങ്ങളിൽ ചിരി പടർത്താനും നമുക്ക് സാധിക്കണം. അവിടെ വാതായനങ്ങളിലൂടെയല്ല, ഉദാരമായ മനസ്സുകളിലൂടെ മാവേലി കടന്ന് വരുന്നു.

