ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ തായ് പോ പ്രദേശത്തെ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. താമസക്കാരും അഗ്നിശമന സേനാംഗങ്ങളും ഉൾപ്പെടെ 13 പേർ മരിച്ചതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു . കുറഞ്ഞത് 15 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് . ഏകദേശം ഏഴ് ബ്ലോക്കുകളിലായി നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്ന മുളകൊണ്ടുള്ള ഘടനകളിലാണ് തീപിടുത്തമുണ്ടായത്. താമസക്കാർ ഈ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.
കെട്ടിടത്തിനുള്ളിൽ പൊള്ളലേറ്റ സ്ത്രീകളും പുരുഷന്മാരും അബോധാവസ്ഥയിൽ കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. ‘ഏറ്റവും ഗുരുതരമായ’ ലെവൽ 5 തീപിടുത്ത അപകടമായിട്ടാണ് സംഭവത്തെ അധികൃതർ വിശേഷിപ്പിച്ചത്. പ്രാദേശിക സമയം വൈകുന്നേരം 6.22 നാണ് ദുരന്തമുണ്ടായത്. തീ പടരുന്നത് തീയും രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഏകദേശം 2,000 കുടുംബങ്ങൾ ഈ പ്രദേശത്ത് താമസിക്കുന്നു. അവരിൽ എത്ര പേർ അകത്ത് കുടുങ്ങിക്കിടക്കുന്നുവെന്ന് വ്യക്തമല്ല. 128 ഫയർ എഞ്ചിനുകളും, 767 ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും, 400 പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഒമ്പത് പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു, നാല് പേർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നിലാണ് വൻ തീപിടുത്തമുണ്ടായത്.

