ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം നടപ്പാക്കാൻ ഉറച്ച് ഇന്ത്യ . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള നടപടിയ്ക്ക് അന്തിമരൂപം നൽകിയത്. പാക്കിസ്ഥാനിലേക്കുള്ള വെള്ളം തടയുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ഹ്രസ്വകാലവും ദീർഘകാലവുമായ മൂന്ന് പ്രത്യേക പദ്ധതികൾ തയ്യാറാക്കിയതായി കേന്ദ്ര ജലശക്തി മന്ത്രി സി.ആർ.പാട്ടീൽ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഉന്നതതല യോഗത്തിൽ പങ്കെടുത്തു. ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം ലോകബാങ്കിനെ അറിയിക്കാനും യോഗം തീരുമാനിച്ചു .
കരാറിൽ പറഞ്ഞിരിക്കുന്ന നദികളിലെ അണക്കെട്ടുകളുടെ സംഭരണശേഷി വർധിപ്പിക്കാനും ധാരണയായി. കരാര്‍ താല് ക്കാലികമായി നിര് ത്തിവെച്ച വിവരം ഇന്ത്യ കഴിഞ്ഞ ദിവസം പാക്കിസ്ഥാനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ജമ്മു കശ്മീരിൻ്റെ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു.അതേസമയം, ജമ്മു കശ്മീരിലുടനീളം സുരക്ഷാ സേന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയാണ്. റെസിഡൻഷ്യൽ ഏരിയകളിൽ, പ്രത്യേകിച്ച് തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ട വ്യക്തികളുടെ വീടുകളിൽ ഉൾപ്പെടെ സൈന്യത്തിൻ്റെയും പോലീസിൻ്റെയും സംയുക്ത സംഘങ്ങൾ തിരച്ചിൽ നടത്തുന്നുണ്ട്.

