പൂനെ: കരളിന്റെ ഒരു ഭാഗം ഭർത്താവിന് പകുത്ത് നൽകി ദിവസങ്ങൾക്കകം ഭാര്യയും, കരൾ സ്വീകരിച്ച ഭർത്താവും മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് നോട്ടീസ് . മഹാരാഷ്ട്രയിലാണ് ദാരുണമായ സംഭവം . കാമിനി കോംകറാണ് തന്റെ കരളിന്റെ ഒരു ഭാഗം ഭർത്താവ് ബാപ്പു കോംകറിന് ദാനം ചെയ്തത് . ഓഗസ്റ്റ് 15 ന് ശസ്ത്രക്രിയകൾ നടത്തി. എന്നാൽ, ശസ്ത്രക്രിയയ്ക്ക് ശേഷം ബാപ്പു കോംകറിന്റെ ആരോഗ്യം വഷളായതിനെ തുടർന്ന് ഓഗസ്റ്റ് 17 ന് അദ്ദേഹം മരിച്ചു.
ഓഗസ്റ്റ് 21 ന് അണുബാധയെ തുടർന്ന് കാമിനിയും മരിച്ചു. ചികിത്സാപിഴവാണ് മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി . ഇതിനു പിന്നാലെയാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് പൂനെയിലെ സഹ്യാദ്രി ആശുപത്രിക്ക് നോട്ടീസ് നൽകിയത്.
‘ആശുപത്രിക്ക് ഞങ്ങൾ നോട്ടീസ് നൽകി. ട്രാൻസ്പ്ലാൻറ് നടപടിക്രമത്തിന്റെ എല്ലാ വിവരങ്ങളും സമർപ്പിക്കാൻ ഞങ്ങൾ അവരോട് നിർദ്ദേശിച്ചു,’ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. നാഗ്നാഥ് യെമ്പള്ളെ പറഞ്ഞു. സംഭവത്തിൽ ആശുപത്രി അധികൃതരും പ്രതികരിച്ചു.
‘ഞങ്ങൾക്ക് നോട്ടീസ് ലഭിച്ചു. അന്വേഷണത്തിൽ ഞങ്ങൾ പൂർണ്ണമായി സഹകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നൽകും. ശസ്ത്രക്രിയയുടെ അപകടസാധ്യതകളെക്കുറിച്ച് കുടുംബത്തിനും ദാതാവിനും മുൻകൂട്ടി കൗൺസിലിംഗ് നൽകിയിരുന്നു,’ ആശുപത്രി അധികൃതർ പറഞ്ഞു.
മെഡിക്കൽ പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് ശസ്ത്രക്രിയ നടത്തിയത്, എന്നാൽ ട്രാൻസ്പ്ലാൻറിന് ശേഷം സ്വീകർത്താവിന് കാർഡിയോജനിക് ഷോക്ക് ഉണ്ടായി,’ ആശുപത്രി അധികൃതർ പറഞ്ഞു. ‘ തുടക്കത്തിൽ അവർ സുഖം പ്രാപിച്ചു, പക്ഷേ പിന്നീട് സെപ്റ്റിക് ഷോക്കും മൾട്ടി-ഓർഗൻ ഡിസ്ഫങ്ഷനും ഉണ്ടായി,മെച്ചപ്പെട്ട ചികിത്സ നൽകിയിട്ടും ഇത് നിയന്ത്രിക്കാൻ കഴിഞ്ഞില്ല‘ എന്നാണ് കാമിനിയുടെ മരണത്തെ കുറിച്ച് ആശുപത്രി അധികൃതർ പറഞ്ഞത്.

