ന്യൂഡൽഹി : സംസ്ഥാനത്തെ വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്രമായ പരിഷ്കരണ (SIR) നടപടിക്കെതിരെ പശ്ചിമ ബംഗാൾ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. പശ്ചിമ ബംഗാളിലെ വോട്ടർമാരുടെ പട്ടിക അപ്ഡേറ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന മുഴുവൻ നടപടിയും പരിശോധിക്കാൻ കോടതി ഇടപെടണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തിയത് . മറ്റ് സംസ്ഥാനങ്ങളിലെ SIR പ്രക്രിയയുമായി ബന്ധപ്പെട്ട സമാനമായ ഹർജികൾ അടുത്ത ദിവസം കേൾക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഈ കേസ് അതിനൊപ്പം ചേർക്കണമെന്നും പശ്ചിമ ബംഗാൾ കോൺഗ്രസ് അഭിഭാഷകൻ പറഞ്ഞു.
ബീഹാർ SIR വിഷയം തങ്ങളുടെ ബെഞ്ച് കൈകാര്യം ചെയ്യുന്നുണ്ടെന്നും പശ്ചിമ ബംഗാൾ കേസ് പരിഗണിക്കാമോ ഇല്ലയോ എന്നത് ചീഫ് ജസ്റ്റിസ് (CJI) ബിആർ ഗവായിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും എന്നും ജസ്റ്റിസ് സൂര്യകാന്ത് ആദ്യം പറഞ്ഞു. എന്നാൽ, തമിഴ്നാട് എസ്ഐആറുമായി ബന്ധപ്പെട്ട ഒരു ഹർജിയും ഇതേ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോൾ, അത് പരിശോധിക്കാമെന്നും ജസ്റ്റിസ് സൂര്യകാന്ത് മറുപടി നൽകി.
പശ്ചിമ ബംഗാളിലെ എസ്ഐആർ പ്രക്രിയയെക്കുറിച്ചുള്ള ഒരു പ്രത്യേക പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) ഇതിനകം കൽക്കട്ട ഹൈക്കോടതിയുടെ പരിഗണനയിലാണ്. എസ്ഐആർ സമയപരിധി നീട്ടണമെന്നും, എസ്ഐആർ കോടതി മേൽനോട്ടത്തിൽ നടത്തണമെന്നുമാണ് ഈ ഹർജിയിലെ ആവശ്യം. ആവശ്യപ്പെടുകയും അടുത്തിടെ, സംസ്ഥാനത്തുടനീളം എസ്ഐആർ എങ്ങനെ നടപ്പിലാക്കുന്നുവെന്ന് വിശദീകരിക്കുന്ന ഒരു സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു.

