ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ അന്തരിച്ച ഹീരാബെൻ മോദി ഉൾപ്പെടുന്ന എഐ വീഡിയോ പുറത്തിറക്കിയ കോൺഗ്രസിനെതിരെ ഗോവ മന്ത്രി വിശ്വജിത് റാണെ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ അമ്മയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സണുമായ സോണിയ ഗാന്ധിയെയും രൂക്ഷമായി വിമർശിക്കാറുണ്ടെന്ന് തന്റെ പിതാവ് പറഞ്ഞ് തനിക്ക് അറിയാമെന്നും വിശ്വജിത്ത് റാണെ പറഞ്ഞു.
കോൺഗ്രസ് നേതാവായ പ്രതാപ് സിംഗ് റാണെയുടെ മകനാണ് വിശ്വജിത് റാണെ . ഏഴ് തവണ ഗോവയുടെ മുഖ്യമന്ത്രിയായി റെക്കോർഡ് നേടിയ ആളാണ് പ്രതാപ് സിംഗ് . 50 വർഷത്തിലേറെ നിയമസഭാ അംഗവുമായിരുന്നു. 2017 ൽ വിശ്വജിത് റാണെ ബിജെപിയിൽ ചേരുകയും സംസ്ഥാന ആരോഗ്യ മന്ത്രിയായി നിയമിക്കപ്പെടുകയും ചെയ്തു.
“ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ @narendramodi ജിയുടെ അന്തരിച്ച അമ്മയെ വലിച്ചിഴച്ച് ബിഹാർ കോൺഗ്രസ് അടുത്തിടെ പ്രചരിപ്പിച്ച എഐ വീഡിയോ ലജ്ജാകരമായ പ്രവൃത്തിയാണ്. കോൺഗ്രസ് പാർട്ടിക്കുള്ളിലെ മൂല്യങ്ങളുടെ പൂർണ്ണമായ തകർച്ചയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്,” വിശ്വജിത്ത് റാണെ എക്സിൽ പങ്ക് വച്ച പോസ്റ്റിൽ പറഞ്ഞു.
‘ രാഹുൽ ഗാന്ധി ഒരിക്കൽ തന്റെ മുന്നിൽ വെച്ച് സ്വന്തം അമ്മയോട് ആക്രോശിച്ചതെങ്ങനെയെന്ന് എന്റെ അച്ഛൻ എന്നോട് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. വീട്ടിൽ സ്വന്തം അമ്മയോട് അദ്ദേഹം കാണിക്കുന്ന ബഹുമാനം അതാണെങ്കിൽ, കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഇന്ത്യയ്ക്ക് എന്താണ് പ്രതീക്ഷിക്കാൻ കഴിയുക? ‘ വിശ്വജിത്ത് റാണെ ചോദിച്ചു.
മഹിളയെയും മാതൃശക്തിയെയും അപമാനിക്കാൻ അവർ വീണ്ടും വീണ്ടും ശ്രമിക്കുന്നു – ദുഃഖകരമെന്നു പറയട്ടെ, ഇത് അവരുടെ ഐഡന്റിറ്റിയായി മാറിയിരിക്കുന്നു. രാഷ്ട്രീയം കാഴ്ചപ്പാടിലും ഭരണത്തിലും പോരാടണം,” അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ അമ്മയെ അവതരിപ്പിക്കുന്ന എഐ വീഡിയോ ബിഹാർ കോൺഗ്രസ് എക്സിൽ ഉപയോഗിച്ചതിന് പിന്നാലെ ബിജെപി കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ആർജെഡിയും കോൺഗ്രസും ചേർന്ന പ്രതിപക്ഷ സഖ്യം തന്റെ അമ്മയെ അനാദരിച്ചു എന്ന ആരോപണമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്.
കോൺഗ്രസ് പുതിയ അധഃപതനത്തിലേക്ക് കൂപ്പുകുത്തിയതായി ബിജെപി വക്താവ് സയ്യിദ് ഷാനവാസ് ഹുസൈൻ പറഞ്ഞു, “ആദ്യം, കോൺഗ്രസ് പ്രധാനമന്ത്രി മോദിയുടെ അമ്മയ്ക്കെതിരെ അസഭ്യ വാക്കുകൾ ഉപയോഗിച്ചു. ഇപ്പോൾ, അവരുടെ എഐ വീഡിയോ സൃഷ്ടിച്ചുകൊണ്ട് പാർട്ടി അവരെ വീണ്ടും അപമാനിക്കുകയാണ്. ബിഹാറും ഇന്ത്യയും ഈ അപമാനം സഹിക്കില്ല. ഈ നാണക്കേടിനെ മറികടക്കാൻ കോൺഗ്രസ് ഉയരണം. ബീഹാറിലെ ജനങ്ങൾ വളരെ രോഷാകുലരായതിനാൽ തിരഞ്ഞെടുപ്പിൽ ഇതിന് വില നൽകേണ്ടിവരും.”സയ്യിദ് ഷാനവാസ് ഹുസൈൻ പറഞ്ഞു.
സ്വപ്നത്തിൽ വന്ന് മോദിയോട് സംസാരിക്കുന്ന രീതിയിലാണ് ഹീരാബെന്നിന്റെ വീഡിയോ കോൺഗ്രസ് ചെയ്തിരിക്കുന്നത് . പ്രധാനമന്ത്രിയെ അവഹേളിക്കുന്ന രീതിയിൽ സംസാരിക്കുന്ന വീഡിയോയാണ് കോൺഗ്രസ് പങ്ക് വച്ചിരിക്കുന്നത് .

