പട്ന : ഉത്തർപ്രദേശ് മാതൃകയിൽ ബീഹാറിലും ബുൾഡോസർ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി.സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ചൗധരി വ്യക്തമാക്കി.
‘ കോടതി ഉത്തരവുകൾ പുറപ്പെടുവിച്ചാൽ, കുറ്റവാളികളുടെ വീടുകൾ പൊളിക്കാൻ ബുൾഡോസറുകൾ ഉപയോഗിക്കും. ബീഹാറിലെ ക്രമസമാധാനപാലനത്തിൽ നിതീഷ് കുമാർ സർക്കാരിന്റെ സ്ഥിരമായ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തും . പെൺകുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾ തടയാൻ സ്കൂളുകൾക്കും കോളേജുകൾക്കും സമീപം പ്രത്യേക പോലീസ് സേനയെ വിന്യസിക്കും.
ഇനി ജയിലുകൾ കർശന നിരീക്ഷണത്തിലായിരിക്കും, ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ പുറത്തുനിന്നുള്ള ഭക്ഷണം വിളമ്പില്ല. സോഷ്യൽ മീഡിയയിൽ മറ്റുള്ളവരെ അധിക്ഷേപിക്കുന്ന ആർക്കും നടപടി നേരിടേണ്ടിവരും.കുറ്റകൃത്യങ്ങളോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. നിലവിൽ 400 മാഫിയകളെ തിരിച്ചറിഞ്ഞിട്ടുണ്ട്; കോടതി ഉത്തരവുണ്ടെങ്കിൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും. അവരുടെ വീടുകളിൽ ബുൾഡോസറുകൾ എത്തുകയും ചെയ്യും .
ബിഹാറിൽ നിതീഷ് കുമാറിന്റെ സർക്കാർ രൂപീകരിച്ചതിനെത്തുടർന്ന്, ബുൾഡോസർ നടപടികൾ അതിവേഗം ശക്തമാക്കിയിരിക്കുകയാണ്. ഇന്ന്, പട്ന, ആറ, മുസാഫർപൂർ എന്നിവിടങ്ങളിൽ ബുൾഡോസർ നടപടികൾ ആരംഭിച്ചു. പാട്നയിൽ, സ്റ്റേഷൻ റോഡിലെ അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യാൻ ബുൾഡോസറുകൾ ഉപയോഗിച്ചു.
റോഡരികിലെ കുടിലുകൾ നീക്കം ചെയ്തു. ആറയിൽ, നഗരത്തിലെ പ്രധാന റോഡുകളിലെ കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റി. താമസക്കാർക്ക് ഭരണകൂടം മുൻകൂട്ടി നോട്ടീസ് നൽകിയിരുന്നു. മുസാഫർപൂരിൽ ഏകദേശം 250 അനധികൃത കടകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി.

