വാഷിംഗ്ടൺ : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന കരാറിൽ വ്യാപാര ഭീഷണികൾ ഉപയോഗിച്ചാണ് താൻ മധ്യസ്ഥത വഹിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഈ വർഷം ആദ്യം ഓപ്പറേഷൻ സിന്ദൂറിനിടെ ഇരു രാജ്യങ്ങളും ഉടമ്പടിക്ക് സമ്മതിച്ചതിന്റെ കാരണം തന്റെ താരിഫുകളാണെന്ന് ട്രംപ് അവകാശപ്പെട്ടു. താരിഫ് കാരണം അമേരിക്ക സമാധാന നിർമ്മാതാവായെന്നും ഇത് വാഷിംഗ്ടണിന് “നൂറുകണക്കിന് ബില്യൺ ഡോളർ” ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താരിഫുകളെക്കുറിച്ചുള്ള നിലപാട് മാറ്റുമോ എന്ന ചോദ്യത്തിന് “എനിക്ക് താരിഫുകൾ ചുമത്താനുള്ള അധികാരം ഇല്ലായിരുന്നുവെങ്കിൽ, ഏഴ് യുദ്ധങ്ങളിൽ നാലെണ്ണമെങ്കിലും പൊട്ടിപ്പുറപ്പെടുമായിരുന്നു.” എന്നായിരുന്നു ട്രമ്പിന്റെ മറുപടി.
“നിങ്ങൾ ഇന്ത്യയെയും പാകിസ്ഥാനെയും നോക്കുകയാണെങ്കിൽ, അവർ യുദ്ധത്തിന് തയ്യാറായിരുന്നു. ഏഴ് വിമാനങ്ങൾ വെടിവച്ചു വീഴ്ത്തപ്പെട്ടു… ഞാൻ കൃത്യമായി പറയാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞാൻ പറഞ്ഞത് വളരെ ഫലപ്രദമായി… ഞങ്ങൾ നൂറുകണക്കിന് ബില്യൺ ഡോളർ സമ്പാദിച്ചു എന്നു മാത്രമല്ല, താരിഫുകൾ കാരണം ഞങ്ങൾ ഒരു സമാധാനപാലകരുമായി.” അദ്ദേഹം പറഞ്ഞു.
മുൻപും ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ട്രമ്പ് പറഞ്ഞിരുന്നു. യുഎസിന്റെ മധ്യസ്ഥതയിൽ “രാത്രി മുഴുവൻ” നീണ്ട ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി മെയ് 10 ന് ട്രംപ് സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചിരുന്നു . മോദിയുമായുള്ള “അഞ്ച് മണിക്കൂർ” ചർച്ചയ്ക്ക് ശേഷം സമാധാന കരാറിൽ എത്തിയതായും ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ ഇത് ഇന്ത്യ നിഷേധിച്ചിരുന്നു. മധ്യസ്ഥർ ഉണ്ടായിരുന്നില്ലെന്നും, പാകിസ്ഥാൻ തന്നെയാണ് ചർച്ചകൾക്ക് മുൻ കൈ എടുത്തതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

