വാഷിംഗ്ടൺ : റഷ്യയുമായി യുഎസ് നടത്തുന്ന വ്യാപാരബന്ധത്തെ പറ്റി തനിക്കറിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇന്ത്യയെ വിമർശിക്കുന്നവർ തന്നെയാണ് റഷ്യയുമായി വ്യാപാരം നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം .
റഷ്യയുമായുള്ള യുഎസിന്റെ യുറേനിയം, വളം വ്യാപാരത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും , റഷ്യയുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങൾക്ക് തീരുവ വർദ്ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. “എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. ഞാൻ അത് പരിശോധിക്കണം “ എന്നാണ് ട്രമ്പ് പറയുന്നത് .
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രെയ്നിൽ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ച് മൂന്ന് വർഷത്തിന് ശേഷവും, സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന റഷ്യൻ ഊർജ്ജവും ചരക്കുകളും അമേരിക്ക ഇപ്പോഴും ഇറക്കുമതി ചെയ്യുന്നുണ്ട്. 2022 ജനുവരി മുതൽ, യുഎസ് 24.51 ബില്യൺ ഡോളർ വിലമതിക്കുന്ന റഷ്യൻ സാധനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. 2024 ൽ മാത്രം, വാഷിംഗ്ടൺ 1.27 ബില്യൺ ഡോളറിന്റെ വളങ്ങളും 624 മില്യൺ ഡോളറിന്റെ യുറേനിയവും പ്ലൂട്ടോണിയവും ഏകദേശം 878 മില്യൺ ഡോളറിന്റെ പല്ലേഡിയവും മോസ്കോയിൽ നിന്ന് ഇറക്കുമതി ചെയ്തു.
ഇന്ത്യ ഇക്കാര്യങ്ങൾ പുറത്ത് വിട്ടതിന് പിന്നാലെ അമേരിക്കൻ പൗരന്മാരും ട്രമ്പിന്റെ ഇരട്ടനയം ചോദ്യം ചെയ്യുകയാണ്.

