വാഷിംഗ്ടൺ : അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരുമായി യുഎസ് സൈനിക വിമാനം ഇന്ത്യയിലേക്ക് . അനധികൃത കുടിയേറ്റക്കാർക്കെതിരായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ നീക്കം.
സി-17 വിമാനം കുടിയേറ്റക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റക്കാർക്കായുള്ള സൈനിക ഗതാഗത വിമാനങ്ങളിൽ ഒന്നാണിത്. യുഎസ് സി-17 ഇതുവരെ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് കുടിയേറ്റക്കാരെ കൊണ്ടുപോയിട്ടുണ്ട്.
പ്യൂ റിസർച്ച് സെന്റർ കണക്കാക്കുന്നത് 700,000-ത്തിലധികം രേഖകളില്ലാത്ത ഇന്ത്യക്കാർ അമേരിക്കയിൽ താമസിക്കുന്നുണ്ടെന്നാണ്, 2023-ൽ യുഎസ് സർക്കാർ നൽകിയ കണക്കുകൾ പ്രകാരം, നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 90,000-ത്തിലധികം ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട് . ബാക്കിയുള്ളവർ നിയമപരമായി എത്തി വിസ കാലാവധി കഴിഞ്ഞിട്ടും അവിടെ തങ്ങുന്ന ഇന്ത്യക്കാരാണ്.
ഇന്ത്യ നിയമവിരുദ്ധമായ സഞ്ചാരത്തെയും നിയമവിരുദ്ധ കുടിയേറ്റത്തെയും ശക്തമായി എതിർക്കുന്നുവെന്നും രേഖകളില്ലാത്ത ഇന്ത്യക്കാരെ യുഎസ് തിരിച്ചയയ്ക്കുന്നത് അംഗീകരിക്കുമെന്നും വിദേശകാര്യ മന്ത്രി ജയ്ശങ്കർ പറഞ്ഞിരുന്നു. ട്രംപ് വൈറ്റ് ഹൌസിലേക്ക് തിരിച്ചെത്തിയ ശേഷം ആദ്യമായി ഇത്തരത്തിൽ കുടിയേറ്റക്കാരെ തിരിച്ചയ്ക്കുന്നത് ഇന്ത്യയിലേക്കാണെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്.