ലക്നൗ : പണമിടപാട് വാൻ തടഞ്ഞ് നിർത്തി രണ്ട് കോടി കവർന്ന കേസിലെ മുഖ്യപ്രതിയെ വെടിവച്ച് കൊലപ്പെടുത്തി യുപി പൊലീസ് . എഎസ്പി അനുജ് ചൗധരിയും സംഘവുമാണ് കവർച്ച കേസിലെ പ്രതി നരേഷിനെ വെടിവച്ച് വീഴ്ത്തിയത്. കേസിൽ, പ്രധാന പ്രതിയായ നരേഷ് ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ നരേഷ് ഞായറാഴ്ച പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. അന്വേഷണത്തിനിടെ, മഖൻപൂർ പ്രദേശത്ത് വച്ച് നരേഷ് പൊലിസിന് വെടിയുതിർത്ത് രക്ഷപെടാൻ ശ്രമിച്ചു. തുടർന്ന് പോലീസ് നരേഷിനെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
സെപ്റ്റംബർ 30 ന് രാവിലെ മഖൻപൂർ ഘുൻപായ് ഗ്രാമത്തിന് സമീപം പണമിടപാട് വാൻ നരേഷും കൂട്ടരും ചേർന്ന് കൊള്ളയടിക്കുകയായിരുന്നു . കാൺപൂരിൽ നിന്ന് ആഗ്രയിലേക്ക് പോകുകയായിരുന്ന ജിജെ 18 ഇബി 9724 നമ്പർ പണമിടപാട് വാൻ രണ്ട് ഫോർ വീലറുകളിൽ സഞ്ചരിച്ച കുറ്റവാളികൾ തടഞ്ഞുനിർത്തി . ഡ്രൈവറെ ആയുധങ്ങളുടെ പിൻഭാഗം കൊണ്ട് ആക്രമിച്ച് , കൈകാലുകൾ കെട്ടിയിട്ട്, ഏകദേശം രണ്ട് കോടി രൂപ നിറച്ച വാഹനവുമായി കടന്നുകളഞ്ഞു. ഈ സംഭവം ജില്ലയെ മുഴുവൻ ഞെട്ടിച്ചു.
അന്വേഷണത്തിനൊടുവിൽ പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടുകയും , ഒരു കോടിയിലധികം രൂപ, കൊള്ളയടിച്ച പണത്തിൽ വാങ്ങിയ ഒരു ഐഫോൺ , ഒരു മോട്ടോർ സൈക്കിൾ രസീത്, അനധികൃത ആയുധങ്ങൾ എന്നിവ പോലീസ് കണ്ടെടുത്തു .

