ലക്നൗ : മഹാ കുംഭമേളയിൽ നടന്ന അപകടത്തെ കുറിച്ച് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ യുപി പോലീസ് കേസെടുത്തു. ഏഴ് സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമകൾക്കെതിരെയാണ് മേള കോട്വാലി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് . കേസ് അന്വേഷിച്ച് അതനുസരിച്ച് നടപടികൾ സ്വീകരിക്കാൻ സൈബർ സംഘത്തെയും, പ്രത്യേക പോലീസ് സംഘത്തെയും ചുമതലപ്പെടുത്തിയതായി എസ്എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു.
വളരെക്കാലം മുമ്പ് നേപ്പാളിൽ നടന്ന കൂട്ടമരണത്തിന്റെ ദൃശ്യങ്ങൾ പോലും മഹാകുംഭമേളയുടെ ദൃശ്യങ്ങളാണെന്ന പേരിൽ ചിലർ പ്രചരിപ്പിച്ചിരുന്നു. കുംഭമേളയിലെ തിക്കിലും തിരക്കിലും ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചതായും കുടുംബാംഗങ്ങൾക്ക് പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹങ്ങൾ തോളിലേറ്റി വീട്ടിലേയ്ക്ക് കൊണ്ടു പോകേണ്ടി വന്നുവെന്നും പ്രചരിപ്പിച്ചു. മൃതദേഹങ്ങൾ അവരുടെ നാട്ടിലേക്ക് അയയ്ക്കാൻ കുടുംബത്തിന് കുറഞ്ഞത് ഒരു ആംബുലൻസെങ്കിലും നൽകണമെന്നും കുറിപ്പിലുണ്ടായിരുന്നു. എന്നാൽ ഈ വീഡിയോ കണ്ട് പോലീസുകാർ അത് പരിശോധിച്ചപ്പോൾ, അത് നേപ്പാളിൽ ചിത്രീകരിച്ച ഒരു പഴയ വീഡിയോയാണെന്ന യാഥാർത്ഥ്യം പുറത്തുവന്നു. ഇത്തരത്തിൽ പോസ്റ്റ് ചെയ്ത മറ്റ് അഞ്ച് വീഡിയോകളും വ്യാജമാണെന്ന് കണ്ടെത്തി.