ന്യൂഡൽഹി ; പ്രവാചകൻ മുഹമ്മദ് നബിയുടെ പേര് ഉപയോഗിക്കാൻ ഒരു തീവ്രവാദ സംഘടനയെയും അനുവദിക്കരുതെന്ന് വ്യക്തമാക്കി പാകിസ്ഥാൻ ചീഫ് ഇമാമിന് ഫത്വ അയച്ച് ഓൾ ഇന്ത്യ ഇമാംസ് ഓർഗനൈസേഷന്റെ തലവനായ മൗലാന ഉമർ അഹമ്മദ് ഇല്യാസി. മാത്രമല്ല ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെയും ഇല്യാസി വിമർശിച്ചു.
മദനിയുടെ സമീപകാല പ്രസ്താവന രാജ്യത്ത് ഭയവും തെറ്റിദ്ധാരണയും സൃഷ്ടിച്ചേക്കാമെന്നും അതിനാൽ ഇത്തരം പ്രസ്താവനകളെ ശക്തമായി അപലപിക്കേണ്ടതുണ്ടെന്നും ഇല്യാസി പറഞ്ഞു. അത്തരമൊരു പ്രസ്താവന രാജ്യത്തിന്റെ സാമുദായിക ഐക്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവസ്ഥയെ ഏതെങ്കിലും പാശ്ചാത്യ രാജ്യവുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. അതിന്റെ ആവശ്യവുമില്ല . ഇന്ത്യ എല്ലായ്പ്പോഴും മുസ്ലീങ്ങളെ ബഹുമാനിച്ചിട്ടുണ്ട്. രാജ്യം അവരെ ഏറ്റവും ഉയർന്ന ഭരണഘടനാ സ്ഥാനങ്ങളിലേക്ക് പോലും ഉയർത്തിയിട്ടുണ്ട് . അതിനാൽ, ഇന്ത്യൻ മുസ്ലീങ്ങളുടെ സ്വത്വത്തിനും ബഹുമാനത്തിനും മറ്റൊരു രാജ്യവുമായും താരതമ്യം ആവശ്യമില്ല.
മോദി സർക്കാരിന്റെ ഭരണകാലം മുസ്ലീം യുവാക്കൾക്ക് പുതിയ അവസരങ്ങൾ തുറന്നിട്ടുണ്ട് . സമീപ വർഷങ്ങളിൽ മുമ്പത്തേക്കാൾ കൂടുതൽ മുസ്ലീം ഉദ്യോഗാർത്ഥികൾ സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്, ഇത് രാജ്യത്ത് അവസരങ്ങൾ തുല്യമായി ലഭ്യമാണെന്നും വിവേചനമില്ലെന്നും കാണിക്കുന്നു.മൗലാന അർഷാദ് മദനി തന്റെ പ്രസ്താവന പുനഃപരിശോധിക്കണം. തന്റെ ഉദ്ദേശ്യങ്ങൾ പരസ്യമായി വ്യക്തമാക്കണം. പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ, അത് രാജ്യത്തിനുള്ളിൽ അനാവശ്യമായ പിരിമുറുക്കം സൃഷ്ടിക്കുമെന്നും പൊതുജനങ്ങൾക്കിടയിൽ അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ‘ ഇല്യാസി പറഞ്ഞു.
കഴിഞ്ഞ ദിവസം മൗലാന അർഷാദ് മദനി ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവസ്ഥയെ അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ മുസ്ലീങ്ങളുടെ അവസ്ഥയുമായി താരതമ്യം ചെയ്തുകൊണ്ട് പ്രസ്താവന നടത്തിയിരുന്നു . ഇത് ഏറെ വിവാദത്തിനിടയാക്കി.

