ന്യൂഡൽഹി: ശബരിമല സ്വർണ്ണ മോഷണക്കേസിലെ നാലാം പ്രതിയും ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുമായ ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. മുൻകൂർ ജാമ്യത്തിനായി അവർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ജസ്റ്റിസ് ദീപങ്കർ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് അവരുടെ ഹർജി പരിഗണിച്ചത്. മുൻകൂർ ജാമ്യാപേക്ഷയിൽ പ്രധാനമായും പരാമർശിച്ചിരിക്കുന്നത് ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചാണ്. ഇത് പരിഗണിച്ച ശേഷം കോടതി അവർക്ക് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകി. 2013 മുതല്‍ വൃക്ക സംബന്ധമായ അസുഖത്തിന് ചികത്സയിലാണെന്നും, അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്.
ജനുവരി 8, 9 തീയതികളിൽ അവർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പക്ഷേ ആ സമയത്ത് അവരെ അറസ്റ്റ് ചെയ്യരുത്.
സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള കേസിലെ എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിൽ ഇന്ന് കൂടുതൽ വാദങ്ങളൊന്നും നടന്നില്ല. ഇന്നലെ അറസ്റ്റിലായ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെയും ജയശ്രീയുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

