വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഒരുപാട് ബഹുമാനിക്കുന്നുവെന്ന് യുഎസ് കോൺഗ്രസ് അംഗം മൈക്കൽ ബോംഗാർട്ട്നർ . റഷ്യയുമായുള്ള വ്യാപാര ബന്ധങ്ങളുടെ പേരിൽ ഇന്ത്യയ്ക്ക് മേൽ യുഎസ് ദ്വിതീയ താരിഫുകൾ ചുമത്തിയിരുന്നു. അതിനെ തുടർന്ന് ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. അതിനു പിന്നാലെയാണ് മൈക്കൽ ബോംഗാർട്ട്നറുടെ പ്രസ്താവന.
താരിഫുകൾ കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായെങ്കിലും ഇന്ത്യയും യുഎസും ഉടൻ തന്നെ ഒരു വിജയകരമായ തീരുമാനത്തിലെത്തുകയും, ബന്ധം പുനസ്ഥാപിക്കുകയും ചെയ്യുമെന്ന് ബോംഗാർട്ട്നർ പറഞ്ഞു.
“പ്രസിഡന്റ് ട്രംപിന് ഇന്ത്യയോട് വളരെയധികം ബഹുമാനമുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഇന്ത്യയിലേക്കുള്ള യാത്രയും വളരെയധികം ആസ്വദിച്ചു. പ്രധാനമന്ത്രി മോദിയുമായുള്ള ബന്ധത്തെ അദ്ദേഹം വിലമതിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഞാൻ വളരെ വിശ്വാസിക്കുന്നു. വഴിയിൽ ചില തടസ്സങ്ങൾ ഉണ്ടായേക്കാം, പക്ഷേ അത് വിജയകരമായ ഒരു അവസാനത്തിലെത്തും,” ബോംഗാർട്ട്നർ പറഞ്ഞു.
ഒരാൾക്ക് ചിലപ്പോൾ തന്റെ സുഹൃത്തുക്കളിൽ നിന്ന് കൂടുതൽ എന്തെങ്കിലും ആവശ്യപ്പെടേണ്ടിവരുമെന്നതു പോലെ മാത്രമേ ഈ താരിഫിനെ കാണാവൂ.അമേരിക്ക ഇന്ത്യയോട് കൂടുതൽ ആവശ്യപ്പെടുന്നത് ഇന്ത്യയോടുള്ള ബഹുമാനത്തിന്റെ അടയാളമായി വ്യാഖ്യാനിക്കണമെന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ കണ്ണിൽ നിന്ന് നോക്കുമ്പോൾ നിരാശകൾ ഉണ്ടാകാമെന്ന് എനിക്ക് മനസ്സിലാകും, പക്ഷേ അമേരിക്ക എന്താണ് നേടാൻ ശ്രമിക്കുന്നതെന്നും പ്രസിഡന്റ് ട്രംപ് എന്താണ് നേടാൻ ശ്രമിക്കുന്നതെന്നും നോക്കൂ. അതിനാൽ നിങ്ങളുടെ നേതാക്കൾക്ക് ഞാൻ അറിയിച്ച സന്ദേശം നമ്മുടെ രണ്ട് രാജ്യങ്ങൾക്കിടയിലുള്ള അടിസ്ഥാനകാര്യങ്ങൾ വളരെ ശക്തമാണെന്നതാണ്,” അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ കയറ്റുമതിയിൽ യുഎസ് തീരുവ ഇപ്പോൾ 50 ശതമാനത്തിന് മുകളിലാണ്. ബ്രസീലിന് പുറമെ ട്രംപ് തന്റെ പുതിയ പട്ടിക പ്രകാരം ഏർപ്പെടുത്തിയ ഏറ്റവും ഉയർന്ന താരിഫാണിത്. എന്നാൽ ഇന്ത്യ ഒരിക്കലും കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമായി പറഞ്ഞു കഴിഞ്ഞു . “വലിയ വില നൽകേണ്ടിവരുമെന്ന്” അറിയാമെങ്കിലും, കർഷകർക്കായി അത് ചെയ്യാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

