ന്യൂഡൽഹി : ആറ് ദിവസം മുൻപ് ഡൽഹിയിൽ നിന്ന് കാണാതായ 19 കാരിയുടെ മൃതദേഹം കണ്ടെത്തി . ത്രിപുര സ്വദേശിയായ 19 കാരിയായ സ്നേഹ ദേബ്നാഥിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ആത്മ റാം സനാതൻ ധർമ്മ കോളേജിലെ (ഡൽഹി യൂണിവേഴ്സിറ്റി) രണ്ടാം വർഷ ബി.എസ്സി ഗണിത വിദ്യാർത്ഥിനിയായിരുന്ന സ്നേഹ, ഡൽഹിയിലെ പര്യാവരൺ കോംപ്ലക്സിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ജൂലൈ 7 നാണ് പെൺകുട്ടിയെ കാണാതായത്.
ഞായറാഴ്ച, കിഴക്കൻ ഡൽഹിയിലെ ഗീത കോളനി പ്രദേശത്തിനടുത്തുള്ള യമുന നദിയിൽ നിന്നാണ് സ്നേഹയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബം സ്നേഹ എഴുതിയ കത്ത് പോലീസിനു നൽകിയിരുന്നു . അതിൽ സിഗ്നേച്ചർ പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കുമെന്ന സൂചനയുണ്ടായിരുന്നു. സ്നേഹയെ പാലത്തിനു സമീപമാണ് ഇറക്കി വിട്ടതെന്ന് ക്യാബ് ഡ്രൈവറും പൊലീസിനോട് പറഞ്ഞിരുന്നു.
സ്നേഹയുടെ മൂത്ത സഹോദരി ബിപാഷ ദേബ്നാഥ് നൽകിയ പരാതി പ്രകാരം, ജൂലൈ 7 ന് തന്റെ സുഹൃത്ത് പിറ്റുനുവിനെ സെൻട്രൽ ഡൽഹിയിലെ സരായ് രോഹില്ല റെയിൽവേ സ്റ്റേഷനിൽ ഇറക്കാൻ പോകുകയാണെന്ന് അമ്മ പിങ്കി ദേബ്നാഥിനോട് പറഞ്ഞിട്ടാണ് സ്നേഹ പോയത് .
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയവും നിലനിൽക്കുന്നുണ്ട് . നിഗം ബോധ് ഘട്ട് മുതൽ നോയിഡ വരെ NDRF, ലോക്കൽ പോലീസ് എന്നിവരുമായി സംയുക്ത തിരച്ചിൽ നടത്തിയിരുന്നു.

