തിരുപ്പതി : തിരുമലയിൽ ബുധനാഴ്ച രാത്രിയുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ച് സ്ത്രീകളും ഒരു പുരുഷനുമടക്കം 6 പേർ മരിച്ചു . രജനി (47), ലാവണ്യ (40), വിശാഖപട്ടണം സ്വദേശി ശാന്തി (34), ബൊദ്ദേട്ടി നായിഡുബാബു, തമിഴ്നാട് സേലം സ്വദേശികളായ മല്ലിക, നിർമല (55) എന്നിവരാണ് മരിച്ചത്. 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. 36 പേർ റുയ ആശുപത്രിയിലും 12 പേർ സ്വിംസ് ആശുപത്രിയിലും ചികിത്സയിലാണ്.
സംഭവത്തിൽ കർശന നടപടിയെടുക്കാൻ നിർദേശം നൽകിയതായി ടിടിഡി പ്രസിഡൻ്റ് ബിആർ നായിഡു പറഞ്ഞു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി. സംഭവം ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കാനും നിർദേശം നൽകി.മറ്റ് ഭക്തർക്ക് പ്രശ്നമുണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു ഇന്ന് തിരുപ്പതിയിലെത്തും. പരിക്കേറ്റവരെ നേരിൽക്കണ്ട് ആരോഗ്യവിവരങ്ങൾ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണിക്കൂറുകള്‍ വരിനിന്നവര്‍ക്കു മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ഗേറ്റ് തുറന്നു നല്‍കിയതാണ് അപകടത്തിലേക്ക് നയിച്ചത്. വൈകുണ്ഠ ഏകാദശി സമയത്ത് മാത്രമാണ് ക്ഷേത്രത്തിലെ സ്വർണ്ണ ഇടനാഴി വഴി ദർശനമുള്ളത്. ഇതിന് ടോക്കൺ എടുക്കാനായി നാലായിരത്തിലേറെ പേരാണ് ഇന്നലെയെത്തിയത്.
ആദ്യം ജീവകോണസ്കൂളിനു മുന്നിലെ കൗണ്ടറിലാണ് തിക്കും തിരക്കും തുടങ്ങിയത് . പിന്നാലെ സേലം സ്വദേശിയായ യുവതി ശ്വാസം മുട്ടി മരിച്ചു. തൊട്ടു പിറകെ ഭൈരഗിപട്ടേഡയിലെ പാര്‍ക്കിലും തിക്കും തിരക്കുമുണ്ടായി. പെട്ടെന്ന്, ഗേറ്റ് തുറന്നതോടെ ആളുകള്‍ കൗണ്ടറുകളിലേക്ക് ഇടിച്ചുകയറാന്‍ നോക്കി. നിലത്തുവീണ അഞ്ചു പേരാണു മരിച്ചത്.