ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങൾ ലോകത്തിനു മുന്നിൽ തുറന്ന് കാട്ടാനുള്ള നീക്കത്തിലാണ് ഇന്ത്യ . ഇതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച പാനലിൽ ഒന്ന് നയിക്കുന്നത് ശശി തരൂരാണ് . കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട എംപിമാരുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തിയതിൽ അഭിമാനമുണ്ടെന്ന് തരൂർ പറഞ്ഞു.
“അഞ്ച് പ്രധാന രാജ്യങ്ങളിലെ സമീപകാല സംഭവവികാസങ്ങളിൽ രാജ്യത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനായി ഒരു സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാൻ കേന്ദ്രസർക്കാർ എന്നോട് ആവശ്യപ്പെട്ടതിൽ എനിക്ക് അഭിമാനം തോന്നുന്നു. രാജ്യതാൽപ്പര്യവും എന്നെ ആവശ്യകതയും ഉണ്ടെങ്കിൽ ഞാൻ പിന്നോട്ട് പോകില്ല,” ശശി തരൂർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നടപടി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതാണ് ഇന്ത്യയുടെ ഈ പ്രതിനിധി സംഘം. ഇതോടൊപ്പം, പാകിസ്ഥാന്റെ തെറ്റായ അവകാശവാദങ്ങളും ഇത് തുറന്നുകാട്ടും. ഭീകരവാദത്തിന് താവളമൊരുക്കുന്നില്ലെന്ന് അവകാശപ്പെടുന്ന പാകിസ്ഥാന്റെ യഥാർത്ഥമുഖമാകും ഇത് വഴി പുറത്ത് വരിക .

