ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിന് ശേഷം വിദേശത്തേക്ക് പോയ പ്രതിനിധി സംഘത്തിൽ ശശി തരൂരിനെ ഉൾപ്പെടുത്തിയത് എന്തിനാണെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ശശി തരൂരിനെ കോൺഗ്രസ് ശുപാർശ ചെയ്യാതിരുന്നപ്പോൾ കേന്ദ്രസർക്കാർ എന്തിന് ഇത് ചെയ്തുവെന്നും മണിശങ്കർ അയ്യർ ചോദിച്ചു. മാത്രമല്ല പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് ഇസ്രായേൽ ഒഴികെ മറ്റൊരു രാജ്യവും പറഞ്ഞിട്ടില്ലെന്നും മണിശങ്കർ അയ്യർ പറഞ്ഞു.
‘ ഇന്ത്യൻ പ്രതിനിധി സംഘം സന്ദർശിച്ച 33 രാജ്യങ്ങളിൽ ഒന്നും തന്നെ ആക്രമണത്തിന് പാകിസ്ഥാനെ ഉത്തരവാദിയാക്കിയിട്ടില്ല. പാകിസ്ഥാൻ ഉത്തരവാദിയാണെന്ന് ഐക്യരാഷ്ട്രസഭയും അമേരിക്കയും പോലും പറഞ്ഞിട്ടില്ല. പഹൽഗാം ആക്രമണത്തിന് പാകിസ്ഥാനാണ് ഉത്തരവാദിയെന്ന് നെഞ്ചത്തടിച്ച് പറയുന്നത് നമ്മൾ മാത്രമാണ്, പക്ഷേ ആരും നമ്മളെ വിശ്വസിക്കാൻ തയ്യാറല്ല. ഒരു പാകിസ്ഥാൻ ഏജൻസി ഈ പ്രവൃത്തി ചെയ്തുവെന്ന് ആളുകളെ വിശ്വസിപ്പിക്കുന്ന ഒരു തെളിവും ഹാജരാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല.
ശശി തരൂരിനും സുഹൃത്തുക്കൾക്കും എത്ര വേണമെങ്കിലും ചുറ്റി സഞ്ചരിക്കാം, പക്ഷേ ഇസ്രായേൽ ഒഴികെ മറ്റൊരു രാജ്യവും പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് പറഞ്ഞിട്ടില്ല. എല്ലാവരും തീവ്രവാദത്തെ അപലപിക്കുന്നു, പക്ഷേ ആരും പാകിസ്ഥാനെ കുറ്റപ്പെടുത്താൻ തയ്യാറല്ല,” എന്ന് മണിശങ്കർ അയ്യർ വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ അമേരിക്ക മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്, എന്നാൽ അദ്ദേഹം കള്ളം പറയുകയാണെന്ന് പറയാൻ നമ്മുടെ സർക്കാർ തയ്യാറല്ല. സത്യം പറയാൻ ധൈര്യം സംഭരിക്കാൻ സർക്കാരിന് കഴിയുന്നില്ല.- മണിശങ്കർ അയ്യർ പറഞ്ഞു.

