ഹൈദരാബാദ്: തായ്ലൻഡിൽ നിന്നുള്ള ഒപാൽ സുചത ചുവാങ്സ്രി മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിലെ 108 മത്സരാർത്ഥികളെ പിന്തള്ളിയാണ് അവർ അഭിമാനകരമായ വിജയം നേടിയത്. മിസ് എത്യോപ്യ ഫസ്റ്റ് റണ്ണർഅപ്പ് സ്ഥാനം നേടി. മിസ് പോളണ്ട് മൂന്നാം സ്ഥാനത്തും മിസ് മാർട്ടിനിക് നാലാം സ്ഥാനത്തും എത്തി. ഇന്ത്യൻ മത്സരാർത്ഥി നന്ദിനി ഗുപ്ത ആദ്യ എട്ടിൽ ഇടം നേടിയില്ല. ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർത്ഥിനിയും പ്രൊഫഷണൽ മോഡലുമാണ് സുചത.
കഴിഞ്ഞ വർഷത്തെ മിസ്സ് വേൾഡ് ക്രിസ്റ്റിന പിസ്കോവ കിരീടം സുചതയ്ക്ക് കൈമാറി. ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ വൈകുന്നേരം 6:30 ഓടെയാണ് 72-ാമത് മിസ്സ് വേൾഡ് മത്സരം നടന്നത്. ഇന്ത്യയിൽ തുടർച്ചയായ രണ്ടാം വർഷമാണ് മിസ്സ് വേൾഡ് മത്സരം നടക്കുന്നത്. മുൻ മിസ്സ് വേൾഡ് മാനുഷി ചില്ലാർ, നടൻ റാണ ദഗ്ഗുബതി, നടി നമ്രത ശിരോദ്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജാക്വലിൻ ഫെർണാണ്ടസ്, ഇഷാൻ ഖട്ടർ എന്നിവരുടെ സാംസ്കാരിക പ്രകടനങ്ങളും ചടങ്ങിൽ ഉണ്ടായിരുന്നു. മെയ് 7 ന് ആരംഭിച്ച പരിപാടിയിൽ 108 പേർ വിവിധ ഘട്ടങ്ങളിലായി മത്സരിച്ചു.

