കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശി തുളസി എന്ന യുവതിയെയാണ് വിമാനത്താവള അധികൃതർ അറസ്റ്റ് ചെയ്തത്. തായ്ലൻഡിലെ ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരിൽ ഒരാളുടെ കൈവശം 35 ലക്ഷം രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുണ്ടെന്ന് രഹസ്യവിവരം അധികൃതർക്ക് ലഭിച്ചിരുന്നു .
തുളസിയുടെ ബാഗ് അധികൃതർ പരിശോധിച്ചപ്പോൾ 1.190 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. ബാങ്കോക്കിൽ നിന്ന് തായ് എയർവേയ്സ് വിമാനത്തിലാണ് യുവതി നെടുമ്പാശ്ശേരിയിലെത്തിയത്. തുളസിയിൽ നിന്ന് പിടികൂടിയ ഹൈബ്രിഡ് കഞ്ചാവിന് വിപണിയിൽ ഏകദേശം 35 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു. കസ്റ്റഡിയിലുള്ള യുവതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. എവിടെ എത്തിക്കാൻ കൊണ്ടുവന്നതാണിതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
കേരളത്തിൽ മയക്കുമരുന്ന് കടത്ത് വ്യാപകമായതോടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മയക്കുമരുന്ന് വേട്ട ശക്തമാക്കാനാണ് തീരുമാനം.കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിലും വിഷയം ചർച്ച ചെയ്തിരുന്നു.