ചെന്നൈ : അടുത്തിടെയുണ്ടായ ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെ പശ്ചാത്തലത്തിൽ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഉടൻ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ് . ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച മുഖ്യമന്ത്രി, 12-ാം ക്ലാസ് ഫലങ്ങളുമായി ബന്ധിപ്പിച്ച മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനത്തിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷ റദ്ദാക്കിയത് രാജ്യവ്യാപകമായി ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ അഭിലാഷങ്ങൾക്ക് കനത്ത പ്രഹരമാണെന്ന് വിജയ് പറഞ്ഞു . നിലവിലെ പരീക്ഷാ ഫോർമാറ്റ് ഗ്രാമീണ വിദ്യാർത്ഥികൾക്കും, സർക്കാർ സ്കൂളുകളിൽ പഠിക്കുന്നവർക്കും, തമിഴ് മീഡിയത്തിൽ പഠിക്കുന്നവർക്കും ദോഷകരമാണ് . ഹയർ സെക്കൻഡറി പ്രകടനത്തെ അടിസ്ഥാനമാക്കി എംബിബിഎസ്, ബിഡിഎസ്, ആയുഷ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന മേൽനോട്ടം വഹിക്കാൻ സംസ്ഥാനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കണമെന്നും തമിഴ്നാട് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
മെയ് 3 ന് നടന്ന പരീക്ഷയിൽ തമിഴ്നാട്ടിൽ നിന്നുള്ള 140,000 പേർ പങ്കെടുത്തിരുന്നു. ചോദ്യപേപ്പർ ചോർന്നതായി വ്യക്തമായതോടെ നീറ്റ് പരീക്ഷ റദ്ദാക്കുകയും , സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജയ്പൂരിൽ മൂന്ന് പേരും , ഗുരുഗ്രാം,നാസിക് എന്നിവിടങ്ങളിലായി ഓരോരുത്തരും അറസ്റ്റിലായി. മറ്റ് നിരവധി പേരെ ചോദ്യം ചെയ്തു. സൂചനകൾ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ അറസ്റ്റുകൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു.

