ലഡാക്ക് : ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം ലഡാക്കിനെ സംസ്ഥാന പദവിയിലേക്ക് ഉയർത്തണമെന്നാവശ്യപ്പെട്ട് ലേയിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പിന്നിൽ ആക്ടിവിസ്റ്റ് സോനം വാങ്ചുക് ആണെന്ന് കേന്ദ്ര സർക്കാർ.
ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം ലഡാക്കിനെ സംസ്ഥാന പദവിയിലേക്ക് ഉയർത്തണമെന്നാവശ്യപ്പെട്ട് ലേയിൽ നടന്ന പ്രതിഷേധത്തിൽ നാല് പേർ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാങ്ചുകിന്റെ “പ്രകോപനപരമായ പ്രസ്താവനകൾ” ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതായി വ്യക്തമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
വാങ്ചുകിന്റെ നിരാഹാരവും പ്രതിഷേധവുമാണ് അശാന്തിക്ക് കാരണമായത് . അദ്ദേഹത്തിന്റെ നിരാഹാരവും പ്രസംഗങ്ങളും ജനക്കൂട്ടത്തെ ഇളക്കിവിട്ടു. അക്രമാസക്തരായ ആളുകൾ ബിജെപി ഓഫീസുകളെയും , സർക്കാർ ഓഫീസുകളെയും ആക്രമിക്കുകയും പൊതു സ്വത്തുക്കൾക്ക് തീയിടുകയും 30 ലധികം പോലീസിനും സിആർപിഎഫ് ഉദ്യോഗസ്ഥർക്കും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറയുന്നു.
“സെപ്റ്റംബർ 24 ന് രാവിലെ 11.30 ഓടെ, അദ്ദേഹത്തിന്റെ പ്രകോപനപരമായ പ്രസംഗങ്ങളാൽ പ്രേരിതരായ ജനക്കൂട്ടം നിരാഹാര സമരം നടന്ന സ്ഥലം വിട്ട് ഒരു രാഷ്ട്രീയ പാർട്ടി ഓഫീസും സിഇസി ലേയുടെ സർക്കാർ ഓഫീസും ആക്രമിച്ചു,” പ്രസ്താവനയിൽ പറയുന്നു. പ്രതിഷേധക്കാർ അക്രമാസക്തരായപ്പോൾ, പ്രാദേശിക ബിജെപി ഓഫീസ് തീയിട്ടു, ഒരു വാഹനവും കത്തിച്ചു. അക്രമം നിയന്ത്രിക്കാൻ പോലീസ് കണ്ണീർവാതകവും ലാത്തിയും പ്രയോഗിച്ചു. നിലവിൽ നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചിലധികം ആളുകളുടെ ഒത്തുചേരൽ നിരോധിച്ചു. ജനങ്ങളോട് ശാന്തത പാലിക്കാൻ അഭ്യർത്ഥിക്കുന്ന വാങ്ചുക്കിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
ഈ അക്രമാസക്തമായ സംഭവവികാസങ്ങൾക്കിടയിൽ, അദ്ദേഹം ഉപവാസം അവസാനിപ്പിച്ച് ആംബുലൻസിൽ തന്റെ ഗ്രാമത്തിലേക്ക് പോയി, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഗൗരവമായ ശ്രമങ്ങൾ നടത്താതെയാണ് അദ്ദേഹം മടങ്ങിയതെന്നും കേന്ദ്രസർക്കാർ പറയുന്നു.സെപ്റ്റംബർ 10 നാണ് സ്വയംഭരണം, സംസ്ഥാന പദവി, ലഡാക്കിനുള്ള ആറാം ഷെഡ്യൂൾ പദവി എന്നിവ ആവശ്യപ്പെട്ട് വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
എന്നാൽ ലേ അപെക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് തുടങ്ങിയ പ്രാദേശിക ഗ്രൂപ്പുകളുമായി ഒരു ഹൈ-പവേർഡ് കമ്മിറ്റി (HPC), ഉപസമിതികൾ, അനൗപചാരിക മീറ്റിംഗുകൾ എന്നിവയിലൂടെ സമാന്തരമായി സംഭാഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
ചർച്ചകൾ ഇതിനകം ഫലം കണ്ടുവെന്നും അതിൽ പറയുന്നു: ലഡാക്കിലെ പട്ടികവർഗക്കാർക്കുള്ള സംവരണം 45% ൽ നിന്ന് 84% ആയി ഉയർത്തി, തദ്ദേശ കൗൺസിലുകളിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് പ്രാതിനിധ്യം ഏർപ്പെടുത്തി, ഭോതിയും പുർഗിയും ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചു. ഏകദേശം 1,800 തസ്തികകളിലേക്കുള്ള നിയമനവും ആരംഭിച്ചിട്ടുണ്ട്.
മതിയായ ഭരണഘടനാപരമായ സംരക്ഷണങ്ങൾ നൽകിക്കൊണ്ട് ലഡാക്കിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു. പഴയതും പ്രകോപനപരവുമായ വീഡിയോകൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പങ്ക് വയ്ക്കരുതെന്നും ശാന്തത പാലിക്കണമെന്നും കേന്ദ്രസർക്കാർ അഭ്യർത്ഥിച്ചു.

