ന്യൂഡൽഹി : നിരാഹാര സമരത്തിനിടെ ജന്തർ മന്തറിൽ നിന്ന് അറസ്റ്റ് ചെയ്ത് മാറ്റി ആക്ടിവിസ്റ്റ് സോനം വാങ്ചുകിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ . നിലവിൽ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ് സോനം വാങ്ചുക്. നിരാഹാര സമരം നടത്തിയതിന്റെ ശാരീരിക പ്രത്യാഘാതങ്ങൾ അദ്ദേഹത്തിന് ഉണ്ടെന്നും 24 മണിക്കൂറും നിരീക്ഷണം തുടരണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ജൂലൈ 18 നാണ് സിജെപിയ്ക്ക് വേണ്ടി സോനം വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്. സമരം 21 ദിവസത്തിലേക്ക് കടന്നതിനെത്തുടർന്ന് സോനത്തിന്റെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് വാങ്ചുക്കിന് അവശ്യ വൈദ്യസഹായം നൽകണമെന്ന് കോടതി ഉത്തരവിട്ടു . കഴിഞ്ഞ ദിവസം രാവിലെയാണ് ഡൽഹി പോലീസ് വാങ്ചുകിനെ ജന്തർ മന്തറിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. പകരം സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ നിരാഹാരം ആരംഭിക്കുകയും ചെയ്തു.
വാങ്ചുക്കിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട മെഡിക്കൽ ബുള്ളറ്റിനും പുറത്ത് വന്നിട്ടുണ്ട്. “വിഎംഎംസിയിലും സഫ്ദർജംഗ് ആശുപത്രിയിലും സോനം വാങ്ചുക്കിന് ആവശ്യമായ മെഡിക്കൽ സേവനങ്ങൾ നൽകുന്നു. അദ്ദേഹത്തിന്റെ ബിപി, പ്രമേഹ പാരാമീറ്ററുകൾ നിലവിൽ സ്ഥിരതയുള്ളതാണ്. എന്നാൽ ദീർഘനേരം ഉപവസിച്ചതിന്റെ ശാരീരിക സമ്മർദ്ദവും വ്യവസ്ഥാപരമായ ഫലങ്ങളും കണക്കിലെടുക്കുമ്പോൾ, മൾട്ടി ഡിസിപ്ലിനറി വിദഗ്ദ്ധ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിൽ അദ്ദേഹത്തിന് തുടർച്ചയായ വൈദ്യസഹായം ആവശ്യമാണ്,” മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

