ഡബ്ലിൻ: ഐറിഷ് സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന ഡിജിറ്റൽ വാലറ്റ് പദ്ധതിയ്ക്കെതിരെ പ്രതിഷേധം. ഐറിഷ് കൗൺസിൽ ഫോർ ലിബെർട്ടീസും ഡിജിറ്റൽ റൈറ്റ്സ് അയർലൻഡുമാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഡാറ്റകളുടെ സുരക്ഷയുൾപ്പെടെയുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് സംഘടനകൾ എതിർപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.
മൈഗവ്ഐഡി ഉപയോഗിച്ചുകൊണ്ട് മാത്രമേ ഡിജിറ്റൽ വാലറ്റ് പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളൂ. ഈ അക്കൗണ്ട് ലഭിക്കാനുള്ള പബ്ലിക് സർവ്വീസസ് കാർഡിനായി ഫേഷ്യൽ ബയോമെട്രിക്സ് ഉൾപ്പെടെ നൽകേണ്ടിവരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് സർക്കാർ തന്നെ കണ്ടെത്തിയിട്ടുണ്ടെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഐറിഷ് സർക്കാരിന്റെ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന സേവനമാണ് ഡിജിറ്റൽ വാലറ്റ്. 10,000 പേരെ ഉൾപ്പെടുത്തി അടുത്ത ആഴ്ച മുതൽ പൈലറ്റ് പദ്ധതി ആരംഭിക്കാനാണ് സർക്കാർ തീരുമാനം.

