കച്ച്: നിലവിൽ പാകിസ്ഥാനിലുള്ള സിന്ധ് ഭാവിയിൽ ഇന്ത്യയുടെ ഭാഗമായി മാറിയേക്കാമെന്ന് സൂചന നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . സിന്ധി സമൂഹത്തിന്റെ ഒരു ചടങ്ങിൽ പങ്കെടുക്കവെയാണ് രാജ്നാഥ് സിംഗിന്റെ ഈ പരാമർശം . അതിർത്തികൾ മാറിയേക്കാം, സിന്ധ് നാളെ ഇന്ത്യയുടെ ഭാഗമാകാം എന്നാണ് രാജ്നാഥ് സിംഗ് പറഞ്ഞത്.
മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി സിന്ധിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും രാജ്നാഥ് സിംഗ് പരാമർശിച്ചു. ‘സിന്ധിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുന്നത് എൽ കെ അദ്വാനി പോലുള്ള സിന്ധികൾ അംഗീകരിച്ചിട്ടില്ല.
സിന്ധിൽ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള ഹിന്ദുക്കൾ സിന്ധ് നദിയെ പവിത്രമായി കണക്കാക്കുന്നു. സിന്ധ് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയുടെ കാര്യത്തിൽ, അതിർത്തികൾ എല്ലായ്പ്പോഴും മാറിയേക്കാം. ആർക്കറിയാം, സിന്ധ് നാളെ ഇന്ത്യയുടെ ഭാഗമായേക്കാം . സിന്ധു നദിയെ പുണ്യനദിയായി കാണുന്ന സിന്ധികൾ അവർ എവിടെയായിരുന്നാലും എല്ലായ്പ്പോഴും നമ്മുടെ ആളുകളായിരിക്കും,’ മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ അതിർത്തികൾ വികസിപ്പിക്കുമെന്ന് രാജ്നാഥ് സിംഗ് പറയുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ, മൊറോക്കോയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര പ്രതിരോധ മന്ത്രി ഇന്ത്യൻ അതിർത്തികൾ വികസിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് പാക് അധിനിവേശ കശ്മീരിനെക്കുറിച്ചാണ്.
ഇന്ത്യക്കാർ ഇപ്പോഴും അഭിമാനത്തോടെ ദേശീയഗാനം ആലപിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, മക്കയിലെ ആബ്-ഇ-സംസം പോലെ സിന്ധു നദിയിലെ ജലം ശുദ്ധവും പവിത്രവുമാണെന്ന് കരുതുന്ന നിരവധി മുസ്ലീങ്ങളുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

