ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റിൽ ചൈന സന്ദർശിക്കുമെന്ന് റിപ്പോർട്ട്. . ചൈനയിൽ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ നടക്കുന്ന എസ്സിഒ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുക . ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. വിദേശകാര്യ മന്ത്രി ജയ്ശങ്കറിന്റെ ചൈന സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രിയും എസ്സിഒ ഉച്ചകോടിക്കായി ചൈന സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത് .
2020-ലെ ഗാൽവാൻ താഴ്വര സംഘർഷത്തിനുശേഷം വഷളായ ഇന്ത്യ-ചൈന ബന്ധമാണ് ഇപ്പോൾ മെച്ചപ്പെടാൻ തുടങ്ങുന്നത് . ചൈനയിൽ എത്തുന്ന പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയേക്കാം. കസാൻ ബ്രിക്സ് ഉച്ചകോടിയിലാണ് ഇരു നേതാക്കളും അവസാനമായി കണ്ടുമുട്ടിയത്.
അന്നുമുതൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിൻ പുടിൻ ഉൾപ്പെടെയുള്ള മറ്റ് എസ്സിഒ നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ബെയ്ജിംഗിൽ കൂടിക്കാഴ്ച നടത്തിയിരുന്നു . ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങളും സാമ്പത്തിക സഹകരണത്തിലെ പ്രശ്നങ്ങളും ഈ ചർച്ചയിൽ വിഷയമായി.
2020 ജൂൺ 15 നും 16 നും രാത്രിയിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഇന്ത്യ-ചൈനീസ് സൈനികർ തമ്മിൽ രക്തരൂക്ഷിതമായ ഏറ്റുമുട്ടൽ നടന്നിരുന്നു. ഈ സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിപ്പിച്ചു. ഏറ്റുമുട്ടലിൽ തങ്ങളുടെ 20 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഇന്ത്യ പറഞ്ഞിരുന്നു. മറുവശത്ത്, 40 ലധികം ചൈനീസ് സൈനികർ മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

